Friday, September 22, 2017

രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്....



രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്, മാന്യമായ ഒരു രാഷ്ട്രീയം ഇന്ത്യക്ക് തിരിച്ചുകിട്ടും എന്ന വിശ്വാസമാണ് ആ പ്രതീക്ഷയിൽനിന്ന് ഉണ്ടാവുന്നത്. "ഇന്ത്യക്ക് ഇനി ആവശ്യം ഒരു സാം പിട്രോഡോ അല്ല കുറഞ്ഞതൊരു പത്തോ പതിനഞ്ചോ സാം പിട്രോഡോമാരാണ്" എന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സിന്റെ ന്യൂയോർക്ക് വേദിയിലെ പ്രസംഗത്തിലെ വാക്കുകൾ മാത്രം മതി ഒരു ജനതയ്ക്ക് ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കാൻ... വെറുപ്പും, വിധ്വെഷവും, വെല്ലുവിളികളും നിറഞ്ഞ കവലപ്രസംഗം മാത്രമാണ് നല്ല രാഷ്ട്രീയക്കാരന്റെ പ്രധാന ഗുണം എന്ന് കരുതിയിരുന്ന ഒരു വലിയ സമൂഹത്തിന് അതല്ല മാന്യമായ രാഷ്ട്രീയം എന്ന് മനസ്സിലാക്കിപ്പിക്കാനെങ്കിലും ഈ മനുഷ്യന്റെ മാന്യമായ സംവാദങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്...

സത്യനാരായൺ ഗംഗാറാം പിട്രാഡോ അഥവാ സാം പിട്രാഡോ എന്ന മനുഷ്യന്റെ മാന്ത്രികത കണ്ടു വളർന്ന ഒരു തലമുറയിലെ അംഗമാണ് ഞാൻ! അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ വാക്കുകൾ മനസ്സ് നിറഞ്ഞുതന്നെ കേൾക്കാൻ പറ്റുന്നുണ്ട്!!

പണ്ടു പണ്ട് 384 എന്ന ഞങ്ങളുടെ മൂന്നക്ക ഫോൺ നമ്പരിൽ നിന്നും കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ ഒരു ഫോൺ വിളിക്കാൻ വേണ്ടിയിരുന്ന തയാറെടുപ്പുകളും സമയവും ഇന്നും വ്യക്തമായി മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.. ആദ്യം ലോക്കൽ ടെലഫോൺ എക്സ്ചേഞ്ച് ആയ കുറവിലങ്ങാട്‌ എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറയണം തിരുവനന്തപുരത്തിന് ഒരു ട്രങ്ക് കാൾ ബുക്ക് ചെയ്യണം ഇന്നതാണ് നമ്പർ എന്ന് പിന്നെ കാത്തിരിക്കണം അഞ്ചുമിനിറ്റ് മുതൽ ചിലപ്പോ മണിക്കുറുകൾ വരെ ഈ കാത്തിരുപ്പ് നീളും!! (നമ്മൾ ആരാണ് എന്നത്, നമ്മുടെ പറച്ചിലിന്റെ രീതി, എക്സ്ചേഞ്ചിലെ തിരക്ക്‌ തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ ആയിരുന്നു ഈ സമയത്തെ നിശ്ച്ചയിച്ചിരുന്നത്.) കാത്തിരുപ്പവസാനിപ്പിച്ചുകൊണ്ട് എക്സ്ചേഞ്ചിൽ നിന്നും തിരിച്ചു വരുന്ന കോളിൽ ഓപ്പറേറ്റർ പറയും 'സാറേ കണക്ട് ചെയ്യുവാണ്' എന്ന്!

ഇത്രയും ഓർമ്മകൾ പറഞ്ഞത് ഒരൊറ്റ എക്സ്ചേഞ്ചിനപ്പുറത്തേക്ക് ഫോൺ വിളിക്കാൻ വേണ്ടിവന്നിരുന്ന കഷ്ടപ്പാട് എത്രയായിരുന്നു എന്നും, ഒരു അഞ്ചോ ആറോ ഫോൺ വിളിക്കണമെങ്കിൽ ഒരു ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വാക്കേണ്ടിയിരുന്നു എന്നും ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്...

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് അമേരിക്കൻ പൗരനായ ഇന്ത്യക്കാരൻ സാം പിട്രോഡോയെ ഇന്ത്യൻ ടെലക്കോം മേഖല നവീകരിക്കാൻ ഏൽപ്പിക്കുന്നത്, (അദ്ദേഹത്തിൻറെ ആദ്യ പ്രസന്റേഷന്റെ കാര്യങ്ങളാണ് രാഹുലിന്റെ പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നത്). ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ആക്രോശങ്ങളെയും അമേരിക്കൻ ചാരൻ വിളികളെയും ഇന്ത്യ ഒട്ടുക്കുനടന്ന സകല പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് രാജീവ് ഗാന്ധി എന്ന മനുഷ്യൻ ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ ഭലമാണ്, അതുമാത്രമാണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ!!

ഈ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന, ലക്ഷ്യത്തിന്റെ വേഗത കുറക്കുന്ന ഇന്ത്യൻ ബുറോക്രാറ്റ്, രാഷ്ട്രീയ ഇടപെടലുകളുടെ പതിവ് ശൈലി ഒഴിവാക്കി എത്രയും പെട്ടന്ന് ലക്ഷ്യത്തിലേക്ക് എത്താൻ ടെലികോം കമ്മീഷൻ എന്നൊരു പദവി പുതിയതായി ഉണ്ടാക്കി അതിന്റെ ചെയർമാനാക്കി സാമിനെ നിയമിക്കുകയും പ്രസ്തുത പദവിക്ക് കാബിനറ്റ് മന്ത്രി പദവി നൽകി പുറത്തുനിന്നുള്ള എല്ലാ കൈകടത്തലുകളിൽ നിന്നും സാം പിട്രോഡോയെ സംരക്ഷിച്ചു നിർത്തുകയും ചെയ്ത രാജീവ് ഗാന്ധിയുടെ ദീർഖവീക്ഷണമാണ് പിൽക്കാലത്ത് ലോകത്തെ ഏറ്റവും മികച്ചതും, വലുതും, വലിയ തൊഴിൽ ദാതാവും ആയ ടെലകോം നെറ്റ്‌വർക്ക് ആയി ഇന്ത്യയെ മാറ്റിയത്! ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഉള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത്! നല്ലൊരു രാഷ്ട്രീയക്കാരനായിരുന്ന രാജീവ് ഗാന്ധി എന്ന മനുഷ്യൻ നാടിന് നൽകിയ ഏറ്റവും വലിയ സംഭാവനയും അത് തന്നെയാണ്.....

ഇപ്പോൾ കാലം ആകെ മാറിയിരിക്കുന്നു, 2017 അവസാനിക്കാറായിരിക്കുന്നു! നിർഭാഗ്യകരമെന്ന് പറയട്ടെ ഈ കാലഘട്ടത്തിൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച ഐ ഐ ടി കളിൽ ഇനി രാവണന്റെ വിമാനചരിത്രം പഠിപ്പിക്കണം എന്ന് പറയുന്ന കേന്ദ്ര മന്ത്രിമാരാണുള്ളത്!!! ഗണപതിയുടെ തലയിലെ പ്ലാസ്റ്റിക് സർജറി വൈഭവം കണ്ട് അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയാണുള്ളത്!!! ഓക്സിജൻ പുറത്തേക്കുവിടുന്നതും, സ്വർണ്ണമുള്ള മൂത്രം ഒഴിക്കുന്നതുമായ പശുവിനെ കണ്ടു മിഴിച്ചുനിൽക്കുന്ന നേതാക്കന്മാരും, കണ്ണീരിൽനിന്നും ഗർഭം ധരിക്കുന്ന മയിലിനെ കണ്ടുപിടിച്ച ജഡ്ജിയും ആണുള്ളത്!!!

അതേ ചുറ്റും നിറഞ്ഞിരിക്കുന്ന അത്തരക്കാരുടെ ഇടയിൽനിന്നും വർഗീസ് കുര്യനെയും പിട്രോഡയെയും പോലുള്ളവരെ ഇന്ത്യക്ക് ഇനിയും ആവശ്യമുണ്ട് എന്ന് പറയുന്ന നിങ്ങളെപ്പോലുള്ള ഒരു നേതാവിനെ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത് മിസ്റ്റർ ഗാന്ധി!!! തനിക്ക് മുകളിൽ ആരും വേണ്ട എന്ന് കരുതുന്നതിനുപകരം മികച്ചവർ എല്ലാം തങ്ങൾക്കൊപ്പം വേണം, അങ്ങനെയേ ഒരു നല്ല ഇന്ത്യ കെട്ടിപ്പെടുക്കാൻ സാധിക്കൂ എന്ന് കരുതുന്ന, അതിന് ശ്രമിക്കുന്ന രാഹുൽ ഗാന്ധി നിങ്ങള്ക്ക് ഒരായിരം ആശംസകൾ...

No comments: