Wednesday, July 29, 2015

ശിരോവസ്ത്ര വിവാദവും വർഗീയകൃഷിയും!


എന്തിനേയും ഏതിനേയും മത-രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന ഒരുതരം വൃത്തികെട്ട അവസ്ഥയിലേക്ക് മലയാളികൾ മാറി എന്നതിന്റെ നേർക്കാഴ്ച്ചയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയെത്തുടർന്നുണ്ടായ (AIPMT) ശിരോവസ്ത്രവിവാദ കോലാഹലങ്ങൾ..... ഈ വാർത്തയുമായി ബന്ധപ്പെട്ട 90 ശതമാനം കമന്റുകളിലും കാണുന്നത് വർഗീയതയും രാഷ്ട്രീയ മുതലെടുപ്പുമാണ്, ഇതിന് വളം വെക്കാൻ മത്സരിക്കുന്ന മാധ്യമങ്ങളെയും എല്ലായിടത്തും കാണാം! 

കോപ്പിയടി തടയുക എന്നഉദ്ധേശത്തോടെ പുറത്തിറക്കിയ ചില മാർഗനിർദേശങ്ങളെ പ്രായോഗികമാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഒരു അബദ്ധം എന്നതിൽക്കവിഞ്ഞ്‌ ഇതിനേ 'ഇന്ത്യയുടെ നിയമം' എന്നമട്ടിലാണ് ചിലർ എടുത്ത് വീശുന്നത്.... ചില പൊട്ടന്മാർ കിട്ടിയ തക്കത്തിന് ഇന്ത്യൻ പൌരത്വം തിരിച്ചു വാങ്ങാനുള്ള കൌണ്ടർ വരേ ഇട്ടു....

AIPMT പുറത്തിറക്കിയ മാർഗനിർദേശങ്ങളാവട്ടെ പ്രത്യക്ഷത്തിൽ തന്നെ അപ്രായോഗികതയുടെ വിളംബരമാണ്. ഒരു നിയമം കൊണ്ട് എത്രമാത്രം വിദ്ധ്യാർഥികളെ ഉപദ്രവിക്കാം എന്ന് മനസ്സിലാക്കണമെങ്കിൽ മാർഗനിർദേശങ്ങളൊന്നു വായിച്ചാൽ മാത്രം മതി. 

ഇലക്ട്രോണിക്ക് ജാമറുകൾ വ്യാപകമായി ലഭിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഷൂസ്, ജാക്കറ്റ്, ഹെയർ ബാൻഡ് ഇവയൊന്നും ധരിക്കാൻ പാടില്ല...! അരക്കയ്യൻ ഷർട്ട്‌ പോലുള്ളവ മാത്രം ധരിക്കുക...! തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത് എന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ് (തണുപ്പുള്ള കാലാവസ്ഥയിൽ പരീക്ഷ എഴുതനുള്ള ഗതികേട് ആർക്കും വരില്ല എന്ന ഉറപ്പോടുകൂടിയായിരിക്കാം AIPMT മാർഗനിർദേശങ്ങൾ എന്ന് പ്രതീക്ഷിക്കാം!). 

ഇതിലും ദയനീയമാണ് വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള സമീപനം ഇന്ത്യ പോലേ ഇത്രയധികം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ഏല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള കടമ പാലിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പുവരുത്താൻ പരീക്ഷാ നടത്തിപ്പുകാരായ CBSEക്ക് കഴിയേണ്ടതായിരുന്നു, അതിപ്പോ സിക്ക് ടർബൻ ആയാലും, കന്യാസ്ത്രീയുടെയോ മുസ്ലിം കുട്ടികളുടയോ ശിരോവസ്ത്രം ആയാലും.         

ഈ പ്രശ്നത്തിൽ കോടതി നടത്തിയ പരാമർശമാവട്ടെ തികച്ചും അപമാനകരവുമാണ് "പരീക്ഷ ഹാളില്‍ മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോ" എന്ന കോടതിയുടെ ചോദ്യം ചില മതങ്ങളെ മാത്രം ഉന്നം വച്ചുള്ളതാണെന്ന് മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം മതി, പക്ഷേ ആ ചോദ്യത്തിനു പകരമായി  'സിക്ക് മതസ്തർക്കും ഈ ചോദ്യം ബാധകമാകുമോ?' എന്ന ഒരു ചോദ്യം ആരെങ്ക്കിലും തിരിച്ച് ചോദിച്ചാൽ അതിന് മറുപടി പറയാനുള്ള ധാർമ്മിക ബാധ്യതയുമുണ്ട് ബഹുമാനപ്പെട്ട കോടതിക്ക്.   

ഇത്തരം ചോദ്യങ്ങൾ മുന്നിൽക്കണ്ടാതുകൊണ്ടാവണം ഫെസ്ബുക്കിലെ  വർഗീയ കച്ചവടക്കാർ 'സിക്കുകാർ വരേ ശിരോവസ്ത്രം ഊരി എന്നിട്ടാണോ കന്യാസ്ത്രീ' എന്നമട്ടിലാണ് പ്രചരണം നടത്തുന്നത്. സിക്കുകാർ ഇപ്രാവശ്യം തങ്ങളുടെ കൃപാണ്‍ (Kripan)  കൈകളിലെ വള (Kara) എന്നിവ മാത്രമാണ് പരീക്ഷാ ഹാളിന് പുറത്തുവച്ചത്, അവരെ സംബന്ധിച്ച് തലപ്പാവ് പൊതുസ്ഥലത്ത് വച്ചഴിക്കുക എന്നത് ഏറ്റവും അപമാനകരമാണ് അതുകൊണ്ടുതന്നെ അവരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ഒന്നും ഇന്ത്യയിൽ സംഭവിക്കില്ല, സംഭവിക്കാനും പാടില്ല. 

പക്ഷേ സംശയം അതല്ല, എന്തുകൊണ്ടാണ് സ്വന്തം ആത്മാഭിമാനത്തെ സംരക്ഷിച്ചുകൊണ്ട് പരീക്ഷഎഴുതാതിരുന്ന കന്യാസ്ത്രീക്കു വന്ന ദുർഗതി ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്? ഇത്രമാത്രം അപമാനിക്കപ്പെടാൻ മാത്രം അവർ എന്ത് തെറ്റാണ് ചെയ്തത്? വിമർശിക്കാനും അപമാനിക്കാനും ഇറങ്ങുന്നതിനുമുന്പ് ഈ ചോദ്യം എല്ലാവരും സ്വന്തം മനസ്സിൽ ഒന്ന് ചോദിച്ചാൽ നന്ന്.  

ഇത്തരം അപമാനിക്കപ്പെടലുകളുടെ ബാക്കിയാണ് 'ഉത്തര ഇന്ത്യയിൽ ശിരോവസ്ത്രത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം ഒളിപ്പിച്ചു കോപ്പിയടി നടത്താൻ ശ്രമിച്ച ന്യുനപക്ഷ സമുദായത്തിൽ പെട്ട രണ്ടുപേരെ പിടിച്ചിരിരുന്നു' എന്നമട്ടിൽ പ്രമുഘ സംഘി പേജുകളിൽക്കൂടിയുള്ള പ്രചരണം! ക്രമക്കേട് നടത്തിയവരുടെ പട്ടികയിൽ അങ്ങനെ രണ്ട് പേരുകൾ ഇല്ലാത്ത സാഹചര്യത്തിൽ അത് മുസ്ലിം അല്ലെങ്കിൽ കന്യാസ്ത്രി എന്ന് തോന്നിക്കുന്ന തരത്തിൽ നടത്തുന്ന ഈ പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യവും ഇത്തരം അച്ഛനില്ലാ വാർത്തകളുടെ പിന്നിലെ രാഷ്ട്രീയവും മനസ്സിലാക്കാൻ മലയാളിക്ക് കഴിയണം. 

ഈ വിവാദം കൊണ്ട് ചെറിയ മെച്ചങ്ങളും ഉണ്ടായിട്ടുണ്ട്! ശിരോവസ്ത്രം അണിഞെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ പുറത്ത് കുതിരകയറുന്ന ചില കൃസ്തീയ മാനേജ്മെൻറ് സ്കൂളുകൾക്കും, പൊട്ടും കുറിയും തൊടുന്നതുവരെ നിയന്ത്രിച്ച്‌ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കുന്ന കന്യാസ്ത്രീകൾക്കും ഇതൊരു നല്ല ഷോക്ക് ട്രീട്മെന്റ്റ് ആണ്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലാക്കാൻ ഇതിലും നല്ലൊരവസരം പലർക്കും ഇനി കിട്ടിയെന്നുവരില്ല!  

Note: (ഹൈ ടെക് കോപ്പിയടി തടയാൻ ഗവ ജോലികളുടെ പ്രവേശനപ്പരീക്ഷക്ക് ജാമറുകൾ ഉപയോഗിക്കാൻ തീരുമാനിച്ച ഡൽഹിയിലെ AAP സർക്കാരിനെ ഈ അവസരാത്തിൽ ഒന്നുകൂടി ആശംസിക്കുന്നു.)   

ഇങ്ങനയും ബഹുമാനിക്കാം.

ഒരാളിന്റെ മതവികാരത്തെ മറ്റുള്ളവർ എങ്ങനെ ബഹുമാനിക്കുന്നു എന്നുകാണിക്കാൻ വേണ്ടിയാണ് ഈ ചിത്രം ഇട്ടത്. ചിത്രത്തിലുള്ളത് അമിതോജ് സിംഗ് (Amitoj Singh), വിക്ടോറിയ പോലീസിലെ ആദ്യ സിക്കുകാരനായ ഓഫീസർ. 2006 ൽ ഓസ്ട്രേലിയയിൽ കുടിയേറിയ അമിതോജ് സിംഗ്  2011 മാർച്ചിലാണ് പോലിസിൽ പ്രവേശിച്ചത്‌. ഇയാൾക്ക്‌ വേണ്ടി മാത്രമായി പോലീസ് തലപ്പാവ്  ഡിസൈൻ ചെയ്ത് യൂണിഫോമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇത് പത്രങ്ങളിലെ ഒന്നാം പേജ് വാർത്തയായിരുന്നു. രാജ്യത്തെ 22 ശതമാനത്തിൽ കൂടുതലുള്ള അവിശ്വാസികളും 60 ശതമാനത്തിൽ കൂടുതലുള്ള വിവിധ ക്രിസ്ത്യൻ സമുദായങ്ങളും ബാക്ക്കിയുള്ളവരും ഈ വാർത്തയെ കൈകൊട്ടിയാണ് സ്വീകരിച്ചത് ആരും ആരോടും പൌരത്വം ഉപേക്ഷിക്കാൻ പറഞ്ഞില്ല. 
IndianSatan.com | Promote Your Page Too