Wednesday, July 29, 2015

ശിരോവസ്ത്ര വിവാദവും വർഗീയകൃഷിയും!


എന്തിനേയും ഏതിനേയും മത-രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന ഒരുതരം വൃത്തികെട്ട അവസ്ഥയിലേക്ക് മലയാളികൾ മാറി എന്നതിന്റെ നേർക്കാഴ്ച്ചയാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയെത്തുടർന്നുണ്ടായ (AIPMT) ശിരോവസ്ത്രവിവാദ കോലാഹലങ്ങൾ..... ഈ വാർത്തയുമായി ബന്ധപ്പെട്ട 90 ശതമാനം കമന്റുകളിലും കാണുന്നത് വർഗീയതയും രാഷ്ട്രീയ മുതലെടുപ്പുമാണ്, ഇതിന് വളം വെക്കാൻ മത്സരിക്കുന്ന മാധ്യമങ്ങളെയും എല്ലായിടത്തും കാണാം! 

കോപ്പിയടി തടയുക എന്നഉദ്ധേശത്തോടെ പുറത്തിറക്കിയ ചില മാർഗനിർദേശങ്ങളെ പ്രായോഗികമാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഒരു അബദ്ധം എന്നതിൽക്കവിഞ്ഞ്‌ ഇതിനേ 'ഇന്ത്യയുടെ നിയമം' എന്നമട്ടിലാണ് ചിലർ എടുത്ത് വീശുന്നത്.... ചില പൊട്ടന്മാർ കിട്ടിയ തക്കത്തിന് ഇന്ത്യൻ പൌരത്വം തിരിച്ചു വാങ്ങാനുള്ള കൌണ്ടർ വരേ ഇട്ടു....

AIPMT പുറത്തിറക്കിയ മാർഗനിർദേശങ്ങളാവട്ടെ പ്രത്യക്ഷത്തിൽ തന്നെ അപ്രായോഗികതയുടെ വിളംബരമാണ്. ഒരു നിയമം കൊണ്ട് എത്രമാത്രം വിദ്ധ്യാർഥികളെ ഉപദ്രവിക്കാം എന്ന് മനസ്സിലാക്കണമെങ്കിൽ മാർഗനിർദേശങ്ങളൊന്നു വായിച്ചാൽ മാത്രം മതി. 

ഇലക്ട്രോണിക്ക് ജാമറുകൾ വ്യാപകമായി ലഭിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഷൂസ്, ജാക്കറ്റ്, ഹെയർ ബാൻഡ് ഇവയൊന്നും ധരിക്കാൻ പാടില്ല...! അരക്കയ്യൻ ഷർട്ട്‌ പോലുള്ളവ മാത്രം ധരിക്കുക...! തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത് എന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ് (തണുപ്പുള്ള കാലാവസ്ഥയിൽ പരീക്ഷ എഴുതനുള്ള ഗതികേട് ആർക്കും വരില്ല എന്ന ഉറപ്പോടുകൂടിയായിരിക്കാം AIPMT മാർഗനിർദേശങ്ങൾ എന്ന് പ്രതീക്ഷിക്കാം!). 

ഇതിലും ദയനീയമാണ് വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള സമീപനം ഇന്ത്യ പോലേ ഇത്രയധികം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് ഏല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള കടമ പാലിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പുവരുത്താൻ പരീക്ഷാ നടത്തിപ്പുകാരായ CBSEക്ക് കഴിയേണ്ടതായിരുന്നു, അതിപ്പോ സിക്ക് ടർബൻ ആയാലും, കന്യാസ്ത്രീയുടെയോ മുസ്ലിം കുട്ടികളുടയോ ശിരോവസ്ത്രം ആയാലും.         

ഈ പ്രശ്നത്തിൽ കോടതി നടത്തിയ പരാമർശമാവട്ടെ തികച്ചും അപമാനകരവുമാണ് "പരീക്ഷ ഹാളില്‍ മൂന്നു മണിക്കൂര്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകുമോ" എന്ന കോടതിയുടെ ചോദ്യം ചില മതങ്ങളെ മാത്രം ഉന്നം വച്ചുള്ളതാണെന്ന് മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം മതി, പക്ഷേ ആ ചോദ്യത്തിനു പകരമായി  'സിക്ക് മതസ്തർക്കും ഈ ചോദ്യം ബാധകമാകുമോ?' എന്ന ഒരു ചോദ്യം ആരെങ്ക്കിലും തിരിച്ച് ചോദിച്ചാൽ അതിന് മറുപടി പറയാനുള്ള ധാർമ്മിക ബാധ്യതയുമുണ്ട് ബഹുമാനപ്പെട്ട കോടതിക്ക്.   

ഇത്തരം ചോദ്യങ്ങൾ മുന്നിൽക്കണ്ടാതുകൊണ്ടാവണം ഫെസ്ബുക്കിലെ  വർഗീയ കച്ചവടക്കാർ 'സിക്കുകാർ വരേ ശിരോവസ്ത്രം ഊരി എന്നിട്ടാണോ കന്യാസ്ത്രീ' എന്നമട്ടിലാണ് പ്രചരണം നടത്തുന്നത്. സിക്കുകാർ ഇപ്രാവശ്യം തങ്ങളുടെ കൃപാണ്‍ (Kripan)  കൈകളിലെ വള (Kara) എന്നിവ മാത്രമാണ് പരീക്ഷാ ഹാളിന് പുറത്തുവച്ചത്, അവരെ സംബന്ധിച്ച് തലപ്പാവ് പൊതുസ്ഥലത്ത് വച്ചഴിക്കുക എന്നത് ഏറ്റവും അപമാനകരമാണ് അതുകൊണ്ടുതന്നെ അവരുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ഒന്നും ഇന്ത്യയിൽ സംഭവിക്കില്ല, സംഭവിക്കാനും പാടില്ല. 

പക്ഷേ സംശയം അതല്ല, എന്തുകൊണ്ടാണ് സ്വന്തം ആത്മാഭിമാനത്തെ സംരക്ഷിച്ചുകൊണ്ട് പരീക്ഷഎഴുതാതിരുന്ന കന്യാസ്ത്രീക്കു വന്ന ദുർഗതി ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്? ഇത്രമാത്രം അപമാനിക്കപ്പെടാൻ മാത്രം അവർ എന്ത് തെറ്റാണ് ചെയ്തത്? വിമർശിക്കാനും അപമാനിക്കാനും ഇറങ്ങുന്നതിനുമുന്പ് ഈ ചോദ്യം എല്ലാവരും സ്വന്തം മനസ്സിൽ ഒന്ന് ചോദിച്ചാൽ നന്ന്.  

ഇത്തരം അപമാനിക്കപ്പെടലുകളുടെ ബാക്കിയാണ് 'ഉത്തര ഇന്ത്യയിൽ ശിരോവസ്ത്രത്തിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം ഒളിപ്പിച്ചു കോപ്പിയടി നടത്താൻ ശ്രമിച്ച ന്യുനപക്ഷ സമുദായത്തിൽ പെട്ട രണ്ടുപേരെ പിടിച്ചിരിരുന്നു' എന്നമട്ടിൽ പ്രമുഘ സംഘി പേജുകളിൽക്കൂടിയുള്ള പ്രചരണം! ക്രമക്കേട് നടത്തിയവരുടെ പട്ടികയിൽ അങ്ങനെ രണ്ട് പേരുകൾ ഇല്ലാത്ത സാഹചര്യത്തിൽ അത് മുസ്ലിം അല്ലെങ്കിൽ കന്യാസ്ത്രി എന്ന് തോന്നിക്കുന്ന തരത്തിൽ നടത്തുന്ന ഈ പ്രചാരണങ്ങൾക്ക് പിന്നിലെ ലക്ഷ്യവും ഇത്തരം അച്ഛനില്ലാ വാർത്തകളുടെ പിന്നിലെ രാഷ്ട്രീയവും മനസ്സിലാക്കാൻ മലയാളിക്ക് കഴിയണം. 

ഈ വിവാദം കൊണ്ട് ചെറിയ മെച്ചങ്ങളും ഉണ്ടായിട്ടുണ്ട്! ശിരോവസ്ത്രം അണിഞെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ പുറത്ത് കുതിരകയറുന്ന ചില കൃസ്തീയ മാനേജ്മെൻറ് സ്കൂളുകൾക്കും, പൊട്ടും കുറിയും തൊടുന്നതുവരെ നിയന്ത്രിച്ച്‌ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കുന്ന കന്യാസ്ത്രീകൾക്കും ഇതൊരു നല്ല ഷോക്ക് ട്രീട്മെന്റ്റ് ആണ്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലാക്കാൻ ഇതിലും നല്ലൊരവസരം പലർക്കും ഇനി കിട്ടിയെന്നുവരില്ല!  

Note: (ഹൈ ടെക് കോപ്പിയടി തടയാൻ ഗവ ജോലികളുടെ പ്രവേശനപ്പരീക്ഷക്ക് ജാമറുകൾ ഉപയോഗിക്കാൻ തീരുമാനിച്ച ഡൽഹിയിലെ AAP സർക്കാരിനെ ഈ അവസരാത്തിൽ ഒന്നുകൂടി ആശംസിക്കുന്നു.)   

ഇങ്ങനയും ബഹുമാനിക്കാം.

ഒരാളിന്റെ മതവികാരത്തെ മറ്റുള്ളവർ എങ്ങനെ ബഹുമാനിക്കുന്നു എന്നുകാണിക്കാൻ വേണ്ടിയാണ് ഈ ചിത്രം ഇട്ടത്. ചിത്രത്തിലുള്ളത് അമിതോജ് സിംഗ് (Amitoj Singh), വിക്ടോറിയ പോലീസിലെ ആദ്യ സിക്കുകാരനായ ഓഫീസർ. 2006 ൽ ഓസ്ട്രേലിയയിൽ കുടിയേറിയ അമിതോജ് സിംഗ്  2011 മാർച്ചിലാണ് പോലിസിൽ പ്രവേശിച്ചത്‌. ഇയാൾക്ക്‌ വേണ്ടി മാത്രമായി പോലീസ് തലപ്പാവ്  ഡിസൈൻ ചെയ്ത് യൂണിഫോമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇത് പത്രങ്ങളിലെ ഒന്നാം പേജ് വാർത്തയായിരുന്നു. രാജ്യത്തെ 22 ശതമാനത്തിൽ കൂടുതലുള്ള അവിശ്വാസികളും 60 ശതമാനത്തിൽ കൂടുതലുള്ള വിവിധ ക്രിസ്ത്യൻ സമുദായങ്ങളും ബാക്ക്കിയുള്ളവരും ഈ വാർത്തയെ കൈകൊട്ടിയാണ് സ്വീകരിച്ചത് ആരും ആരോടും പൌരത്വം ഉപേക്ഷിക്കാൻ പറഞ്ഞില്ല. 
IndianSatan.com | Promote Your Page Too

Tuesday, February 10, 2015

അങ്ങനെ എന്റെ തറവാടും പൊളിക്കാൻ പോകുന്നു!

എന്റെ തറവാടും പൊളിക്കാൻ പോകുന്നു! നാട്ടിലേ ഏറ്റവും പഴക്കമുള്ള വീടുകളിൽ ഒന്നാണിത്, അതുകൊണ്ട് തന്നെ തറവാടിന്റെ കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടാകുമെന്ന് മനസ്സിൽ തോന്നിയിരുന്നു. പല കാരണങ്ങളാൽ പലപ്രാവശ്യം പോളിക്കലുകൾ മാറിപോയി പക്ഷേ എപ്പോഴേലും പിടി വീണല്ലേ ഒക്കൂ.
അടുത്ത അവധിക്ക് വരുന്നതിന് മുൻപ് പൊളിക്കും എന്ന ഒരു സംശയം മനസ്സിൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ - 'നിലവറ കാണാൻ ഇതുവരെ പറ്റിയിട്ടില്ല' എന്ന എന്റെ ഭാര്യയുടെ പരാതി മാറ്റാനും എന്റെ കുട്ടിക്കാലവും പ്രവാസി ആകുന്നത് വരയുള്ള സമയവും കയറിയിറങ്ങി നടന്ന തറവാട് വീട് ഒന്നുകൂടി തുറന്ന് കാണാനും തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ വീണ്ടും അറയും, തട്ടിൻ പുറവും, പത്തായവും, നിലവറയും എല്ലാം ഒന്നുകൂടിക്കണ്ടു നിലവറക്കുള്ളിൽ മാത്രം പഴയപോലെ സ്മൂത്ത്‌ ആയി ഇറങ്ങാൻ പറ്റിയില്ല എന്നതൊഴിച്ചാൽ എല്ലാം ശുഭം.
അന്ന് ഫോണിൽ കുറേ ഫോട്ടോയും വീഡിയോയും എടുത്തിരുന്നു പക്ഷേ അതിൽ പ്രധാനപ്പെട്ട ഫോണ്‍ പോയി! പിന്നെ കുറച്ചു ഫോട്ടോകൾ മറ്റൊരു ഫോണിൽ ഉണ്ടായിരുന്നു അതെല്ലാം തപ്പിയെടുത്ത് fbആൽബത്തിലും ഇവിടയും  ഇടുവാ, അല്ലങ്കിൽ അറിയാതെ ഞാനും ആ വീടിനെ മറന്നാലോ?
ഇനി നാട്ടില്‍ പോയാല്‍ ഈ തറവാട് ഉണ്ട്ടകില്ല എന്ന് ഇപ്പോൾ ഉറപ്പായി ;-( 
പത്തു നൂറുകൊല്ലം മുൻപ് ജീവിച്ചിരുന്ന പ്രമാണിയും കരം പിരിക്കാൻ അധികാരപ്പെട്ട ആളുമായ ഇഞ്ചക്കൽ ചുമ്മാർ എന്ന കാരണവർ ഏകദേശം 150 വർഷം മുൻപ് പണിത 5 വീടുകളിൽ ഒന്നാണിത്. 5 വീടുകളിലും വച്ച് ചെറിയ വീട് ഇതായിരുന്നു. മറ്റൊരു വീടായ കുളംകൊമ്പിൽ തറവാട് തീപിടിച്ച് കത്തി പോയ കഥ വല്യമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, അസാമാന്യ വലിപ്പവും വലിയ കൊത്തുപണികൾ ഉള്ള നിരയും വലിയ തൂണുകളും ഒക്കെയുണ്ടായിരുന്നു കുളംകൊമ്പിൽ വീടിന് എന്ന് കേട്ടിട്ടുണ്ട്. നിറം പിടിപ്പിച്ച ഒത്തിരി കഥകളുള്ള മറ്റൊരു തറവാട് എന്തക്കയോ കാരണങ്ങളാൽ പല പ്രാവശ്യം പൊളിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ അവശേഷിക്കുന്നുണ്ടായിരുന്നു. അതിന്റെ അവസ്ഥ ഇപ്പോൾ എന്താണന്ന് ഒരു വിവരവുമില്ല! 
കച്ചവടക്കാരൻ ആയിരുന്ന വല്യപ്പന്റെ അപ്പൻ സമീപത്ത് മലഞ്ചരക്ക് വ്യാപാരമുണ്ടായിരുന്നു.  അവിടെ നിന്നും ഉച്ചമയക്കത്തിന് എത്തിക്കൊണ്ടിരുന്ന വീടായിരുന്നു ഇത്, എപ്പൊഴോ പൊളിച്ചു വിറ്റ ആ കടയാണ് അടുത്തുതന്നെയുള്ള മറ്റൊരു കുടുംബത്തിന്റെ തറവാട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്, ആ വീട് അവർ നല്ല രീതിയിൽ നിലനിർത്തിയിട്ടുമുണ്ട്. 
തൊട്ടടുത്തുള്ള നസ്രത്ത് ഹിൽ എന്ന സ്ഥലത്താണ് വല്യ കാരണവന്മാരുടെ തറവാടിരുന്നത് അന്നത്തെ തറവാട് വീടിനൊപ്പമുണ്ടായിരുന്ന കളം പലക്കലോടിക്കുളം എന്ന പേരിൽ തന്നെ അവശേഷിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. ഇനി നാട്ടിൽ പോകുമ്പോൾ അത് പോയിക്കാണണം അതിപ്പോൾ പഞ്ചായത്ത് കുളം ആയത് കൊണ്ട് ആരും നികത്തില്ല എന്ന് വിശ്വസിക്കുന്നു ;-).    
വല്യമ്മയുടെ അടുത്ത് ഒത്തിരി സമയം ചിലവഴിച്ചിരുന്നത്‌ കൊണ്ട് ഇങ്ങനെ കുറേ ചരിത്രം കിട്ടി... അതുകൊണ്ട് അതിൽ കുറച്ചെങ്കിലും എഴുതാൻ പറ്റി...... 

തറവാട് വീട്.

പണ്ട് തൊട്ട് പഴമയുടെ സൌന്ദര്യവും പുരാവസ്തുക്കളും ഒക്കെ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാവാം പഴയ വീടുകളും കെട്ടിടങ്ങളും ഒക്കെ പോളിച്ചുകളയുന്നത്‌ കാണുമ്പോൾ ഒരു വിഷമമാണ്, സ്വന്തം തറവാട് ആകുമ്പോ ആ വിഷമം ഇത്തിരി കൂടുതലുമാണ്. ഞാൻ ജനിക്കുന്നതിനും വളരെ മുൻപ് എന്റെ പപ്പയുടെ ചെറുപ്പകാലത്തോ മറ്റോ പൊളിച്ചുകളഞ്ഞ പടിപ്പുരയെ ഓർത്ത് കുട്ടിയായിരുന്ന കാലത്ത് ഞാൻ വിഷമിച്ചിട്ടുണ്ട് ! പക്ഷേ ഇപ്പോൾ ഒന്നറിയാം അത്തരം ഇഷ്ടങ്ങളും വിഷമങ്ങളും ഉള്ളവർ വളരെ വിരളമാണ്. ബഹു ഭൂരിപക്ഷത്തിനും പുരാവസ്തുക്കളുടെ മൂല്യവും സൌന്തര്യവും മനസ്സിലാക്കാൻ പറ്റുന്നില്ല! അവർക്കത്  പഴയ തടിയും, കല്ലും, ഉരുപ്പടികളും മാത്രമാണ്! ഒന്നിനും കൊള്ളാത്ത പഴയ സാധനങ്ങൾ!
പഴമയോട്  ഉള്ള ഈ ഇഷ്ടം കൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആചാരം/വിശ്വാസം ദേവപ്രശ്നമാണ്. അമ്പലങ്ങളിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായി ദേവപ്രശ്നം നടത്തി അതിനനുസരിച്ച് മാത്രം പരിഷ്കാരങ്ങൾത്തുന്നു. ഈ ആചാരം കൊണ്ട് മാത്രമാണ് കേരളത്തിലെ പഴയ അമ്പലങ്ങൾ ഇന്നും തനിമ നഷ്ടപ്പെടാതെയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു, ഇങ്ങനൊരു നടപടി ഇല്ലായിരുന്നു എങ്കിൽ പഴയ നസ്രാണി പള്ളികളുടെ ദുർഗതി വന്നേനെ അവക്കും. 

തറവാട് മുൻവശത്തെ വഴിയിൽനിന്നും എടുത്ത ഫോട്ടോ

അറ

അറവാതിൽ -  

അറ

അറവാതിൽ 









ചതുരക്കിണർ ചതുരക്കിണറുകൾ ഒരു അപൂവ്വ കാഴ്ച്ചയാണ് !!! കേരളത്തിൽ അധികം ചതുരക്കിണറുകൾ ഇനി അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഉള്ളത് തന്നെ നിലനിൽ‌പ്പിന്റെ ഭീഷണിയിലുമാണ്. 




നിലവറ

നിലവറക്കകം - 


പത്തായംകുട്ടിക്കാലത്ത് പലപ്രാവശ്യം ഇതിലിറങ്ങിയിട്ടുണ്ട്, മൂന്ന് കള്ളികളുണ്ടായിരുന്ന ഇതിൽ പണ്ട് സ്ഥിരമായി ഒരു പഴക്കുലയെങ്കിലും ഉണ്ടായിരുന്നു....







പഴയ ഷെഡ്‌

Monday, February 2, 2015

പത്രക്കാരേ..... സഹിക്കുന്നതിനും ഒരു പരിധിയില്ലേ?

വലിയ നിയമങ്ങൾ ഒന്നും തങ്ങളെ തൊടാൻ ഇല്ലാത്തതിനാൽ നാട്ടിലെ പത്രങ്ങൾക്ക് എന്തും എഴുതാം എന്നാ അവസ്ഥയാണ്.... ഇവന്മാർ നിന്ന നിപ്പിൽ വിവാദങ്ങൾ ഉണ്ടാക്കിയെടുക്കുന്നതും, പലരേയും എഴുതി മഹാന്മാരാക്കുന്നതും എഴുതി നശിപ്പിക്കുന്നതും കണ്ടുമടുത്ത് നിൽക്കുന്നവരാണ് ശരാശരി മലയാളികൾ.... ഇപ്പോ ദേണ്ടെ ഇവന്മാരുടെ മണ്ടത്തരവും സഹിക്കണ്ട അവസ്ഥയിലായി കാര്യങ്ങൾ...

ഇന്നലെ ഏഷ്യാനെറ്റിൽ കണ്ട "പഞ്ചായത്ത് പ്രസിഡന്റാവാൻ  യുവാവ് രണ്ട് കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു" എന്ന മട്ടിലുള്ള  വാർത്ത കുറച്ചുകഴിഞ്ഞപ്പോ ജനം ടി വി അതേപടി വിഴുങ്ങി ഇപ്പോ അത് ഇന്ത്യാ വിഷനും അടിച്ചുമാറ്റി. ഇവനൊക്കെ കുറഞ്ഞ പക്ഷം Google Searchൽ തപ്പി ഓസ്ട്രേലിയയിൽ ഓരോ ജോലിക്കും കിട്ടുന്ന ശരാശരി ശമ്പളം എത്രയാണ് എന്നെങ്കിലും ഒന്ന് നോക്കിക്കൂടെ?

ഇതിൽ രസം ആ വാർത്തകൾ ഷെയർ ചെയ്ത് പോയിരിക്കുന്ന എണ്ണമാണ് ! ഒന്നും ചിന്തിക്കാതെ കൊള്ളാമല്ലോ എന്ന് കരുതി ഷെയർ ചെയ്യുന്നവരാണ് കുറച്ചു പേർ എന്നാൽ ബഹുഭൂരിപക്ഷത്തിന്റെ ഷെയറും ദേശസ്നേഹംവന്നു ചിന്താശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും ഉണ്ടായതാണ്. ഇത്തരം ചിന്തയില്ലായ്മകൾ ആണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശാപം. ഈ വാർത്തകൾ ഷെയർ ചെയ്തവരുടെ പ്രൊഫൈൽ വെറുതേ ഒന്ന് നോക്കിയാൽ ഞാൻ പറഞ്ഞതെന്താണന്നു മനസ്സിലാകും - പത്തിൽ എട്ടു പേർക്കും ഒരേ വികാരം, ഒരേ രാഷ്ട്രീയം.

രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ലാത്ത ഇത്തരം പോസ്റ്റുകൾക്ക് പോലും കണ്ണടച്ചു ലഭിക്കുന്ന ഷെയറുകളുടെ എണ്ണം നോക്കിയാൽമതി നമ്മുടെ രാഷ്ട്രീയത്തെ സോഷ്യൽ മീഡിയകൾ എത്ര മാത്രം മാറ്റിമറിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ...

സാമൂഹ്യ വിമർശകനും, കൊമേഡിയനും, എഴുത്തുകാരനും ഒക്കയായ George Carlin എന്ന അമേരിക്കക്കാരൻ സായിപ്പ് - “Never underestimate the power of stupid people in large groups.” എന്ന് പറഞ്ഞതിന്റെ രാഷ്ട്രീയം ഇപ്പോ മനസ്സിലായില്ലേ!

വാർത്തകളുടെ  screenshot ഉം അതിനു നല്കിയ കമന്റും താഴെ കൊടുക്കുന്നു (Time: 4PM, 2nd Feb 2015)