Sunday, September 24, 2017

സുരേഷ് ഗോപി - ആ പാവത്തെ എന്തിനാണ് വെറുതെ വലിച്ചു കീറി ഭിത്തിയിൽ ഉരക്കുന്നത്...!!


സുരേഷ് ഗോപി - ആ പാവത്തെ എന്തിനാണ് വെറുതെ വലിച്ചു കീറി ഭിത്തിയിൽ ഉരക്കുന്നത്...!?

അദ്ദേഹം ഒരു പാവം ശുദ്ധ ഹൃദയനായ മനുഷ്യന്നാണ്, ആ ശുദ്ധതകൊണ്ടാണ് ഇത്തരം ഒരു പൂണൂൽ മണ്ടത്തരം പറഞ്ഞത്, ഇത് താൻ ഏറ്റവും ഭക്തിയോടെ കരുതുന്ന ശബരിമലയുടെ തന്ത്രി ആവുക എന്ന എന്ന ആഗ്രഹത്തെ പ്രകടിപ്പിച്ചപ്പോ തന്ത്രി ആവുന്നതിന് ബ്രാഹ്മണൻ ആവുക ആവശ്യമാണ് എന്നതാണ് ബേസ് ക്വാളിഫിക്കേഷൻ എന്ന തോന്നൽ മനസ്സിലുള്ളതുകൊണ്ടു അറിയാതെ വായിൽ നിന്നും വന്ന അബദ്ധം മാത്രമാവാനേ തരമുള്ളു! അല്ലാതെ വിപ്ലവാത്മകമായി എല്ലാവർക്കും തന്ത്രി ആകാം എന്ന ചിന്ത ഒന്നും ഉണ്ടാവാനുള്ള മനസ്സ് വലിപ്പമോ അറിവോ വിജ്ഞാനമോ ഒന്നുമില്ല ആ പാവം ശുദ്ധ ഹൃദയന്...

പണ്ട് കോൺഗ്രസ്സ്/കരുണാകര ഭക്തനാവുന്നതിനും മുൻപ് ഒരു രാഷ്ട്രീയവും ഇല്ലാതിരുന്ന കാലത്തുതന്നെ മാനുഷിക മൂല്യമുള്ള ധാരാളം പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്, അന്നൊന്നും അതിൽ താരമൂല്യമോ, വ്യക്തിപരമായ ലാഭമോ, മതമോ ആ മനുഷ്യൻ നോക്കിയിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു! പണ്ടൊരിക്കൽ എയ്‌ഡ്സ്‌ ബാധിതരായ കുട്ടികളെയും കൊണ്ട് അവരെ അകത്തി നിർത്തിയ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ അതിലെ കച്ചവടത്തെ മുതലെടുക്കാനുള്ള ഒരു സാധ്യതയും അയാൾക്കുമുന്പിൽ ഇല്ലായിരുന്നു, നല്ല ഒരു മാനസ്സ് ഒഴികെ!! അതുകൊണ്ടു തന്നെ സുരേഷ് ഗോപി എന്ന മനുഷ്യനെ എനിക്ക് പെരുത്തിഷ്ടമാണ്...!

എങ്കിലും ആദ്യം പറഞ്ഞ 'ശുദ്ധ ഹൃദയൻ സിൻഡ്രോം', ആ ഒരു കുഴപ്പമാണ്!! ആ കുഴപ്പമാണ് ഈ കുഴിയിൽ ഉൾപ്പെടെ സകല കുഴികളിലും അദ്ദേഹത്തെ കൊണ്ട് ചാടിച്ചതു എന്ന് കരുതുന്നു! മോഡി ഫോട്ടോഷോപ്പ് വിശ്വസിച്ചു അദ്ദേഹത്തിന്റെ ആരാധകർ ആയ കോടിക്കണക്കിന് ശുദ്ധ ഹൃദയരിൽ ഒരാളാണ് മിസ്റ്റർ സുരേഷ് ഗോപിയും! അതിനപ്പുറത്തെ രാഷ്ട്രീയമൊന്നും ഗോപിയുൾപ്പെടെയുള്ള ഈ പാവങ്ങൾക്ക് അറിയില്ല!, അവരിൽ പലരും ഗുജറാത്ത് കലാപത്തെ പറ്റി കേട്ടിട്ടും കൂടിയില്ല! അവരുടെ മനസ്സിൽ അദ്ദേഹം കനാലിനുമുകളിൽ വരെ സോളാർ പാനൽ വിരിച്ച വികസന നായകൻ മാത്രമാണ്! ഇന്ന് വരെ വോട്ടു ചെയ്യാത്ത അരാഷ്ട്രീയ വാദികൾ പോലും പെട്ടന്ന് മോഡി ഭക്തരായ രാഷ്ട്രീയക്കാർ ആയതും ഈ ശുദ്ധഗതി കൊണ്ട് മാത്രമാണ്...!

ഞാൻ ഏതായാലും ശുദ്ധ ഹൃദയൻ അല്ല! എങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, എന്റെഉള്ളിൽ എങ്ങനെക്കയോ ഒരു സംഘ പരിവാർ വിരുദ്ധ രസ്ഷ്ട്രീയം കയറി എങ്കിലും ആ പ്രസ്ഥാനത്തിൽ പലരെയും ഇഷ്ടമാണെനിക്ക്! വാജ്‌പേയിക്കൊക്കെ അതുകൊണ്ട് ഒരു വളരെ നല്ല നേതാവിന്റെ സ്ഥാനമാണ് മനസ്സിൽ കൊടുത്തിട്ടുള്ളത് (മാപ്പെഴുതിക്കൊടുക്കൽ വിവാദത്തെ അന്നും ഇന്നും ഒരു സാങ്കേതിക എഴുത്തു മാത്രമായേ കണ്ടിട്ടുള്ളു). പിന്നെ എത്രയാണെകിലും ഒരു ഹിന്ദു രാഷ്ട്രീയത്തിന് ഇന്ത്യ മഹാരാജ്യത്ത് ആവശ്യത്തിന് സാധ്യതയുണ്ട്, അത് ഇന്ത്യൻ സാഹചര്യങ്ങളിൽ ആവശ്യവുമാണ് എന്നും കരുതുന്നു! പക്ഷെ ഇപ്പോൾ അതിനെ ശക്തിയായി എതിർക്കുന്നതിനു കാരണം അത് അതിന്റെ എല്ലാ സീമകളും ലംഘിച്ചു മനുഷ്യ വിരുദ്ധം ആയി മുന്നോട്ട് പോകുന്നു എന്നുള്ളതുകൊണ്ടാണ്! അത് മാത്രമാണ്!

കേളരത്തിലെ മുസ്ലിം ലീഗിന്റെ സ്ഥാനമാണ് ദേശിയ തലത്തിൽ ബിജെപി ക്ക് എങ്കിൽ അത് ഇൻഡ്യാ മഹാരാജ്യത്തിനു ഗുണം മാത്രമേ ചെയ്യൂ എന്ന് കരുതുന്നു, പക്ഷെ നിർഭാഗ്യകരമെന്നു പറയെട്ടെ സുടാപ്പികളുടെ സ്ഥാനമാണ് ബിജെപി എപ്പോഴും കൈക്കലാക്കൻ ശ്രമിക്കുന്നത്...!!

ബിജെപി നന്നാവും എന്ന് പ്രതീക്ഷിക്കുന്നു! ഹിന്ദു വർഗീയതയെ ചെറുക്കുന്ന ഹിന്ദു സംഘടന എന്ന നിലയിലേക്ക് ബിജെപി വളരുമെന്നും അങ്ങനെ അത് രാജ്യത്തിനു ഗുണമുള്ള ഒരു പാർട്ടി ആയി മാറും എന്നും എന്ന് പ്രതീക്ഷിക്കുന്നു....

നിർത്തുന്നു,

"ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും" എന്ന പഴഞ്ചൊല്ലും ഇടക്കൊക്കെ മനസ്സിൽ വക്കുക!!!!

#iSupportSureshGopi #SureshGopi #BrahminRebirth


അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി: വാർത്ത വായിക്കാം

Friday, September 22, 2017

Thank You, Mr. Shashi Tharoor

ഒരു പതിനേഴ് വർഷം മുന്പായിരിക്കണം ദേവമാതാ കോളേജിൽ (Devamatha College, Kuravilangadu) പ്രീ-ഡിഗ്രിക്ക് ചേരുന്നത്, വളരെ മിടുക്കനായ ഒരു ലൈബ്രെറിയൻ നോക്കിനടത്തിയിരുന്ന അതി മനോഹരമായൊരു ലൈബ്രറിയുണ്ടായിരുന്നവിടെ, അവിടെ വച്ചാണ് ശശി തരൂരിന്റെ 'ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' എന്ന പുസ്തകം ആദ്യമായി വായിക്കുന്നത്, അന്നുമുതൽ ഇദ്ദേഹത്തെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതാണ്, ഇത്തിരി താമസിച്ചിട്ടാണെങ്കിലും ഇന്നലെ അത് നടന്നു...!! Melbourne Writers Festivalലെ നിറഞ്ഞ സദസ്സിൽവച്ച് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും പറ്റി.. മടങ്ങിപ്പോകുന്നതിന് മുൻപ് കയ്യിൽ കരുതിയിരുന്ന അദ്ദേഹത്തിന്റെ 'മഹാ(ഭാരത) കഥ' എന്ന നോവലിലും അവിടെനിന്നും വാങ്ങിയ 'Inglorious Empire' എന്ന ഏറ്റവും പുതിയ സ്രഷ്ടിയിലും കൈയൊപ്പും വാങ്ങി....
Thank You, Mr. Shashi Tharoorകണ്ണന്താനം എന്ന മലയാളി മന്ത്രിക്ക് ആശംസകൾ... !! (ട്രോളുന്നവരോടും ഒരുകാര്യം!)


കണ്ണന്താനത്തിന്റെ പേര് പറഞ്ഞു ബിജെപി കേരള നേതൃത്വത്തെ ട്രോളാൻ രസമാണ് അത് കാണാൻ അതിലും രസം.... കേന്ദ്ര ബിജെപി എന്തോ മണ്ടത്തരം കാട്ടി എന്നനിലക്ക് പറഞ്ഞു രസിക്കുമ്പോൾ നമ്മൾ ഒന്നോർക്കണം മധ്യ തിരുവതാം കൂറിലെ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും ഒരമ്മ പെറ്റ അളിയന്മാരെപ്പോലെയാണെന്ന്...! ഇവർ തമ്മിലുള്ള ഐക്യം എതുക്കും മേലെയാണെന്ന്....!!!
രാഷ്ട്രീയത്തിൽ ഇപ്പറഞ്ഞ നായർ നസ്രാണി ഐക്യത്തെ വളരെ നല്ലരീതിയിൽ പണ്ടേക്കു പണ്ടേ വിജയിപ്പിച്ചു കാണിച്ചിട്ടുമുണ്ട്, കേരളാ കോൺഗ്രസ്സ് എന്ന പേരിൽ... 1964 ൽ കോട്ടയം തിരുനക്കര മൈതാനത്തുവച്ചു സാക്ഷാൽ മന്നത്തു പദ്മനാഭൻ ആണ്‌ പ്രസ്ഥാനത്തിന് തിരിതെളിച്ചത്.... പിളരുക പിന്നെയും പിളരുക എന്നനിലയിൽ ആ പാർട്ടി മാറിയില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ അതി ശക്തമായ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായി മാറിയേനെ അത്, കോൺഗ്രസ്സിനെ ത്തന്നെയും ചെറുതാക്കി വളരുന്ന പ്രാദേശിക പാർട്ടി!
പറഞ്ഞുവന്നത് വേറൊന്നുമല്ല, കേരളത്തിൽ ബിജെപി എന്നല്ല ആര് വിചാരിച്ചാലും മത രാഷ്ട്രീയം വേരോടില്ല, പക്ഷേ ജാതി രാഷ്ട്രീയം വേരോടും!!! മലയാളി പ്രബുദ്ധർ ആയതുകൊണ്ട് അതിനെ മതേതര ഐക്യം എന്ന മധുരക്കടലാസിൽ പൊതിഞ്ഞു വിളിക്കണം എന്നേ ഒള്ളു...! അതുകൊണ്ടു കണ്ണന്താനത്തെപ്പറ്റി പറയുമ്പോ ഒന്നോർക്കുക പറിച്ചെടുക്കാൻ പറ്റാത്തവണ്ണം അത്ര തീവ്രമായ രാഷ്ട്രീയമൊന്നുമല്ല ശരാശരി സുറിയാനി ക്രിസ്ത്യാനിക്ക്, അത്ര വലിയ ബിജെപി വിരോധവുമില്ല. സിപിഎം അണികളെ പിടിച്ചു നിർത്തുന്നതുപോലെ ഇവരെ പിടിച്ചു നിർത്താൻ കോൺഗ്രസ്സിന് പറ്റത്തുമില്ല.... അതുകൊണ്ടു കണ്ണന്താനം മികച്ചത് ആണെങ്കിലും അല്ലെങ്കിലും ബിജെപി ഇപ്പോ ഓടിക്കയറിയിരിക്കുന്ന ട്രാക്ക് മികച്ചത് തന്നയാണ്... നോക്കീം കണ്ടുമിരുന്നാൽ കോൺഗ്രസ്സിന് കൊള്ളാം.... (കോൺഗ്രസ്സ് നട്ടെല്ലായിരുന്ന നായന്മാരെ അവർ പോലുമറിയാതെ ബിജെപി അടിചോണ്ടുപോയത് എങ്ങനാന്ന് കോൺഗ്രസ്സുകാർ ഒന്ന് നോക്കി വക്കുന്നതും നല്ലതാണ്...)
ഏതായാലും പുതിയ മലയാളി മന്ത്രിക്ക്‌ ആശംസകൾ...
Congratulations Mr. Alphons Kannanthanam


ല്യൂട്ടന്റെ ഡെൽഹി...!


ല്യൂട്ടന്റെ ഡെൽഹി
ല്യൂട്ടൻസ് ബംഗ്ളാവുകൾ.... മൂവായിരം ഏക്കറോളം സ്ഥലത്തായി പരന്നുകിടക്കുന്ന ആയിരത്തോളം ബംഗ്ളാവികളാണിത്... ബ്രിട്ടിഷുകാർ ഡെൽഹി വികസിപ്പിക്കുന്ന സമയത്ത് നഗരത്തിന്റെ പ്രധാന ശില്പിയായിരുന്ന എഡ്വിൻ ലൂട്ടെൻസിന്റെ പേരിലാണ് ല്യൂട്ടന്റെ ഡെൽഹിയിലെ ഈ ബംഗ്ളാവുകളും അറിയപ്പെടുന്നത്.... ഡൽഹിയിലെ പ്രൗഢമായ ഈ പച്ചത്തുരുത്തുകളിൽ 90 ശതമാനവും ഗവൺമെൻറ് / മന്ത്രി മന്ദിരങ്ങളാണ് ബാക്കി മാത്രം സ്വകാര്യ ഉടമകളുടെ കൈയിലും, ഇത് തന്നെ ഏകദേശം ഇരുനൂറ്റി അൻപതിൽ അധികം ഏക്കർ വരും...
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലൂട്ടെൻസ് ഡെൽഹിയുടെ രൂപകൽപ്പനക്കും, ഭംഗിക്കും കോട്ടം തട്ടുന്ന പരിഷ്കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അതിനെ തനതായ രീതിയിൽ സംരക്ഷിച്ചു നിർത്തുകയാണ്, ഇനിയും അതങ്ങനെ ആയിരിക്കും എന്നും വിശ്വസിക്കുന്നു......
പക്ഷേ എവിടേയോ ഒരു കച്ചവടം മണക്കുന്നു!!! ഇതിനു മുൻപും അവ പൊളിച്ചുമാറ്റി ''''ദൽഹി പോലൊരു നഗരത്തിൽ വെറുതേ സ്ഥലം പാഴാകുന്നത് !!!!!'''' തടയാൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്!!! അങ്ങനെ ഇനിയും ശ്രമങ്ങൾ ഉണ്ടാവില്ല എന്നും നമുക്ക് വിശ്വസിക്കാം... എങ്കിലും DLF ചെയർമാൻ കെ പി സിംഗിന്റെ മകൾ രേണുക തൽവാർ 450 കോടി രൂപക്ക് ല്യൂട്ടൻസ് ഡൽഹിയിൽ ഒരു ബംഗ്ളാവ് വാങ്ങി എന്ന് കേൾക്കുമ്പോൾ - 'ഇനിയുടമിവിടൊരു കച്ചവട സാധ്യത തുറന്നുവരുമോ !? ഇതൊക്കെയൊരു ഭാവി കച്ചവടത്തിന്റെ മുതൽമുടക്കുകളാണോ? എന്നൊക്കെയൊരു സംശയം!, ഒരു കൂട്ടുകച്ചവടത്തിന്റെ തുടക്കമാണോ എന്നൊരു തോന്നൽ...!!!'
അറിയില്ല.... സംശയം സംശയം മാത്രമായിരിക്കട്ടെ, ഇന്ത്യയിലെ അറിയപ്പെടുന്ന കോടീശ്വരന്റെ മകൾ ഇന്ത്യൻ തലസ്ഥാനത്തെ ഏറ്റവും മികച്ച അഡ്ഡ്രസ്സുകളിലൊന്നും അങ്ങനെ ല്യൂട്ടൻസ് സായിപ്പിന്റെ കൈയൊപ്പും അതിന്റെ മൂല്യമറിഞ്ഞു (റിയൽ എസ്റ്റേറ്റ് മൂല്യമല്ല!) സ്വന്തമാക്കിയത് മാത്രമായിരിക്കട്ടെ....!!
NB: നാളെ നല്ല 'മാർക്കറ്റിങ് അറിയാവുന്ന' ഒരു ഗവണ്മെന്റ് ഇതൊക്കെ ഏതെങ്കിലും റിയൽഎസ്റ്റേറ്റ് കമ്പനിക്ക് ഫ്ലാറ്റ് പണിയാൻ കൊടുത്താൽ, "വെറുതേ കിടന്ന സ്ഥലത്തിൽനിന്നും ഇത്ര ആയിരം കോടി ഗവൺമെന്റിന് നേടിത്തന്ന ഞങ്ങടെ നേതാവൊരു മഹാൻ" എന്നുപറയുന്ന അണികളും മാധ്യമങ്ങളും ഉണ്ടാവും എന്നറിയാം, എങ്കിലും വെറുതേ പറഞ്ഞെന്നേയുള്ളൂ.... ചരിത്രത്തെ സ്നേഹിക്കുന്നതുകൊണ്ട്......

രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്....രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്, മാന്യമായ ഒരു രാഷ്ട്രീയം ഇന്ത്യക്ക് തിരിച്ചുകിട്ടും എന്ന വിശ്വാസമാണ് ആ പ്രതീക്ഷയിൽനിന്ന് ഉണ്ടാവുന്നത്. "ഇന്ത്യക്ക് ഇനി ആവശ്യം ഒരു സാം പിട്രോഡോ അല്ല കുറഞ്ഞതൊരു പത്തോ പതിനഞ്ചോ സാം പിട്രോഡോമാരാണ്" എന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സിന്റെ ന്യൂയോർക്ക് വേദിയിലെ പ്രസംഗത്തിലെ വാക്കുകൾ മാത്രം മതി ഒരു ജനതയ്ക്ക് ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കാൻ... വെറുപ്പും, വിധ്വെഷവും, വെല്ലുവിളികളും നിറഞ്ഞ കവലപ്രസംഗം മാത്രമാണ് നല്ല രാഷ്ട്രീയക്കാരന്റെ പ്രധാന ഗുണം എന്ന് കരുതിയിരുന്ന ഒരു വലിയ സമൂഹത്തിന് അതല്ല മാന്യമായ രാഷ്ട്രീയം എന്ന് മനസ്സിലാക്കിപ്പിക്കാനെങ്കിലും ഈ മനുഷ്യന്റെ മാന്യമായ സംവാദങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്...

സത്യനാരായൺ ഗംഗാറാം പിട്രാഡോ അഥവാ സാം പിട്രാഡോ എന്ന മനുഷ്യന്റെ മാന്ത്രികത കണ്ടു വളർന്ന ഒരു തലമുറയിലെ അംഗമാണ് ഞാൻ! അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ വാക്കുകൾ മനസ്സ് നിറഞ്ഞുതന്നെ കേൾക്കാൻ പറ്റുന്നുണ്ട്!!

പണ്ടു പണ്ട് 384 എന്ന ഞങ്ങളുടെ മൂന്നക്ക ഫോൺ നമ്പരിൽ നിന്നും കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ ഒരു ഫോൺ വിളിക്കാൻ വേണ്ടിയിരുന്ന തയാറെടുപ്പുകളും സമയവും ഇന്നും വ്യക്തമായി മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.. ആദ്യം ലോക്കൽ ടെലഫോൺ എക്സ്ചേഞ്ച് ആയ കുറവിലങ്ങാട്‌ എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറയണം തിരുവനന്തപുരത്തിന് ഒരു ട്രങ്ക് കാൾ ബുക്ക് ചെയ്യണം ഇന്നതാണ് നമ്പർ എന്ന് പിന്നെ കാത്തിരിക്കണം അഞ്ചുമിനിറ്റ് മുതൽ ചിലപ്പോ മണിക്കുറുകൾ വരെ ഈ കാത്തിരുപ്പ് നീളും!! (നമ്മൾ ആരാണ് എന്നത്, നമ്മുടെ പറച്ചിലിന്റെ രീതി, എക്സ്ചേഞ്ചിലെ തിരക്ക്‌ തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ ആയിരുന്നു ഈ സമയത്തെ നിശ്ച്ചയിച്ചിരുന്നത്.) കാത്തിരുപ്പവസാനിപ്പിച്ചുകൊണ്ട് എക്സ്ചേഞ്ചിൽ നിന്നും തിരിച്ചു വരുന്ന കോളിൽ ഓപ്പറേറ്റർ പറയും 'സാറേ കണക്ട് ചെയ്യുവാണ്' എന്ന്!

ഇത്രയും ഓർമ്മകൾ പറഞ്ഞത് ഒരൊറ്റ എക്സ്ചേഞ്ചിനപ്പുറത്തേക്ക് ഫോൺ വിളിക്കാൻ വേണ്ടിവന്നിരുന്ന കഷ്ടപ്പാട് എത്രയായിരുന്നു എന്നും, ഒരു അഞ്ചോ ആറോ ഫോൺ വിളിക്കണമെങ്കിൽ ഒരു ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വാക്കേണ്ടിയിരുന്നു എന്നും ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്...

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് അമേരിക്കൻ പൗരനായ ഇന്ത്യക്കാരൻ സാം പിട്രോഡോയെ ഇന്ത്യൻ ടെലക്കോം മേഖല നവീകരിക്കാൻ ഏൽപ്പിക്കുന്നത്, (അദ്ദേഹത്തിൻറെ ആദ്യ പ്രസന്റേഷന്റെ കാര്യങ്ങളാണ് രാഹുലിന്റെ പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നത്). ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ആക്രോശങ്ങളെയും അമേരിക്കൻ ചാരൻ വിളികളെയും ഇന്ത്യ ഒട്ടുക്കുനടന്ന സകല പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് രാജീവ് ഗാന്ധി എന്ന മനുഷ്യൻ ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ ഭലമാണ്, അതുമാത്രമാണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ!!

ഈ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന, ലക്ഷ്യത്തിന്റെ വേഗത കുറക്കുന്ന ഇന്ത്യൻ ബുറോക്രാറ്റ്, രാഷ്ട്രീയ ഇടപെടലുകളുടെ പതിവ് ശൈലി ഒഴിവാക്കി എത്രയും പെട്ടന്ന് ലക്ഷ്യത്തിലേക്ക് എത്താൻ ടെലികോം കമ്മീഷൻ എന്നൊരു പദവി പുതിയതായി ഉണ്ടാക്കി അതിന്റെ ചെയർമാനാക്കി സാമിനെ നിയമിക്കുകയും പ്രസ്തുത പദവിക്ക് കാബിനറ്റ് മന്ത്രി പദവി നൽകി പുറത്തുനിന്നുള്ള എല്ലാ കൈകടത്തലുകളിൽ നിന്നും സാം പിട്രോഡോയെ സംരക്ഷിച്ചു നിർത്തുകയും ചെയ്ത രാജീവ് ഗാന്ധിയുടെ ദീർഖവീക്ഷണമാണ് പിൽക്കാലത്ത് ലോകത്തെ ഏറ്റവും മികച്ചതും, വലുതും, വലിയ തൊഴിൽ ദാതാവും ആയ ടെലകോം നെറ്റ്‌വർക്ക് ആയി ഇന്ത്യയെ മാറ്റിയത്! ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഉള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത്! നല്ലൊരു രാഷ്ട്രീയക്കാരനായിരുന്ന രാജീവ് ഗാന്ധി എന്ന മനുഷ്യൻ നാടിന് നൽകിയ ഏറ്റവും വലിയ സംഭാവനയും അത് തന്നെയാണ്.....

ഇപ്പോൾ കാലം ആകെ മാറിയിരിക്കുന്നു, 2017 അവസാനിക്കാറായിരിക്കുന്നു! നിർഭാഗ്യകരമെന്ന് പറയട്ടെ ഈ കാലഘട്ടത്തിൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച ഐ ഐ ടി കളിൽ ഇനി രാവണന്റെ വിമാനചരിത്രം പഠിപ്പിക്കണം എന്ന് പറയുന്ന കേന്ദ്ര മന്ത്രിമാരാണുള്ളത്!!! ഗണപതിയുടെ തലയിലെ പ്ലാസ്റ്റിക് സർജറി വൈഭവം കണ്ട് അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയാണുള്ളത്!!! ഓക്സിജൻ പുറത്തേക്കുവിടുന്നതും, സ്വർണ്ണമുള്ള മൂത്രം ഒഴിക്കുന്നതുമായ പശുവിനെ കണ്ടു മിഴിച്ചുനിൽക്കുന്ന നേതാക്കന്മാരും, കണ്ണീരിൽനിന്നും ഗർഭം ധരിക്കുന്ന മയിലിനെ കണ്ടുപിടിച്ച ജഡ്ജിയും ആണുള്ളത്!!!

അതേ ചുറ്റും നിറഞ്ഞിരിക്കുന്ന അത്തരക്കാരുടെ ഇടയിൽനിന്നും വർഗീസ് കുര്യനെയും പിട്രോഡയെയും പോലുള്ളവരെ ഇന്ത്യക്ക് ഇനിയും ആവശ്യമുണ്ട് എന്ന് പറയുന്ന നിങ്ങളെപ്പോലുള്ള ഒരു നേതാവിനെ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത് മിസ്റ്റർ ഗാന്ധി!!! തനിക്ക് മുകളിൽ ആരും വേണ്ട എന്ന് കരുതുന്നതിനുപകരം മികച്ചവർ എല്ലാം തങ്ങൾക്കൊപ്പം വേണം, അങ്ങനെയേ ഒരു നല്ല ഇന്ത്യ കെട്ടിപ്പെടുക്കാൻ സാധിക്കൂ എന്ന് കരുതുന്ന, അതിന് ശ്രമിക്കുന്ന രാഹുൽ ഗാന്ധി നിങ്ങള്ക്ക് ഒരായിരം ആശംസകൾ...

Friday, September 1, 2017

കറൻസി നിരോധനം എന്ന ഇലക്ഷൻ നാടകം!!!!


കറൻസി നിരോധനം മോദിക്ക് പറ്റിയ വലിയ തെറ്റാണ് എന്നൊന്നും നിഷ്കളങ്കമായി കരുതാൻ തോന്നുന്നില്ല!! ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തിരിച്ചുപിടിക്കാൻ പറ്റാത്തവണ്ണം തകർന്നിട്ടുണ്ടാവാം, ഖജനാവിന് വൻ നഷ്ടവും ഉണ്ടായിട്ടുണ്ടാവാം, മരണങ്ങളും കണ്ണുനീരുകളും ധാരാളം ഉണ്ടായിട്ടുണ്ടാവാം പക്ഷേ ഇത് അങ്ങേർക്ക് നൽകിയത് രാഷ്ട്രീയ വിജയം മാത്രമാണ്....
ഇത് യു പി ഇലക്ഷനോട് അനുബന്ധിച്ചു നടന്ന നാടകം മാത്രമായിരിക്കാം!! ഇന്ത്യൻ രാഷ്ട്രീയത്തിലും ഇലക്ഷനുകളിലും പണത്തിനുള്ള സ്വാധീനം അപാരമാണ് എല്ലാ പാർട്ടികളും അത് പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു മുന്നൊരുക്കങ്ങളുമില്ലാതെ - അപ്രതീക്ഷിതമായി നടത്തിയ ഈ കറൻസി നിരോധനത്തിലൂടെ ഇലക്ഷൻ പ്രചാരണത്തിലും വിജയസാധ്യതയിലും മുൻപന്തിയിലായിരുന്ന പ്രതിപക്ഷ ഐക്യത്തിന്റെ അവസ്ത പരിതാപകരമാവുകയും കരുതിക്കൂട്ടിയിരുന്ന ബിജെപി ക്ക് വളരെ സുഗമമായി മുന്നേറാൻ അവസരം ലഭിക്കുകയുമായിരുന്നു, കരുത്തരായ രണ്ടു ഗുസ്‌തിതിക്കാരിൽ ഒരുത്തന്റെ കാലും കൈയും മത്സരത്തലേന്ന് തല്ലിയൊടിച്ചു വിജയ സാധ്യത ഒരുക്കുന്നതുപോലെ ഒരു ഏർപ്പാടാണ് ബിജെപി നടത്തിയത്, കാരണം ഹിന്ദി ഹൃദയ ഭൂമിയിലെ വിജയം അവർക്ക് അനിവാര്യമായിരുന്നു, പാർട്ടിക്കുള്ളിലും പുറത്തും!!
ഇനിയെങ്കിലും ഈ ഇടപാടിൽ മോദിയെ കുറ്റം പറയുന്നത് നമുക്ക് നിർത്താം, അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമാണ് ഇന്നും സംഘപരിവാർ രാഷ്ട്രീയക്കാരനിൽ നിന്നും പ്രധാന മന്ത്രിയുടെ നിലവാരത്തിലേക്ക് എത്താൻ സാധിക്കാത്ത വെറും രാഷ്ട്രീയക്കാരൻ. അതുകൊണ്ടാണ് അയാൾ ലാഭ-നഷ്ടം കൂട്ടിയപ്പോൾ ഇതിലെ രാഷ്ട്രീയ ലാഭം മാത്രം കണ്ടതും മുന്നോട്ടുപോയതും. പക്ഷേ ധനമന്ത്രിയും റിസേർവ് ബാങ്ക് ഗവർണറും അങ്ങനല്ല അവർക്ക് വിദ്യാഭ്യാസവും വിവരവും ദീർഘവീക്ഷവുമുണ്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ട അവർ ഇത്തരമൊരു മൂന്നാംകിട രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കരുതായിരുന്നു, കൂട്ടു നിൽക്കുകവഴി അവർ കാണിച്ചത് രാജ്യദ്രോഹമാണ്, നശിപ്പിച്ചത് ഒരു രാജ്യത്തിന്റെ ശോഭനമായ ഭാവിയെ ആണ്, ഇതിന് കാലം അവരെ വിചാരണ ചെയ്യും, അവരെ മാത്രം....!

റോഹിൻഗ്യ മുസ്ലിങ്ങൾ - അവരും മനുഷ്യരാണ്!!


റോഹിൻഗ്യ മുസ്ലിങ്ങൾ (#RohingyaMuslims) - അവരും മനുഷ്യരാണ്, അവർക്കും ചോരയും നീരും വേദനയുമുണ്ട്, അവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ ലോകം... ഐ എസ് കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന യസീദികളെയും ക്രിസ്ത്യാനികളേയും പോലെ തന്നാണിവർ, ഗുജറാത്ത് വസംശഹത്യക്കിരയായ മുസ്ലിങ്ങളെപ്പോലെ തന്നാണിവർ, സിഖ് കലാപത്തിൽ കൊന്നു തള്ളപ്പെട്ട സിഖുകളെയും ഹോളോകാസ്റ് ഇരകളായ ജൂതരെയും പോലെ തന്നാണിവർ... എല്ലാവര്ക്കും ഒരേ മുഖമാണ്... എല്ലാവരും ഇരകളാണ്...

ഇരകൾക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന തരത്തിലുള്ള ഇന്ത്യയുടെ പുതിയനയതന്ദ്രം വേദനയുളവാക്കുന്നു, മതത്തിന്റെ കണ്ണുമാത്രമുള്ള നയതന്ദ്രം നശിപ്പിക്കുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും ജനാധിപത്യ ബോധത്തെയുമാണ്... മസ്സുറിയിൽ ദലൈ ലാമയെ കാണാൻ നേരിട്ടെത്തിയ വിശ്വ പൗരന്റെ പാരമ്പര്യമാണ് നമുക്കുള്ളത്, ജൂതനെയും ലങ്കൻ തമിഴനെയും അഫ്‌ഗാനിയെയുമൊക്കെ മനുഷ്യനായി മാത്രം കണ്ട പാരമ്പര്യമാണ് നമുക്കുള്ളത്...

പ്രിയപ്പെട്ട കിരൺ റിജ്‌ജു (Kiren Rijiju) നിങ്ങൾ ആ പാരമ്പര്യവും മനുഷത്വവും കളഞ്ഞു കുളിക്കില്ല എന്ന് വീണ്ടും വീണ്ടും വിശ്വസിക്കാൻ ആഗ്രഹിക്കുന്നു...!! തുണ്ടം തുണ്ടമായി വെട്ടി മുറിക്കപ്പെട്ടതും പൊള്ളിക്കരിഞ്ഞതുമായ കുട്ടികളുടെ മുഖം എങ്കിലും നിങ്ങളൊക്കെ കാണുമെന്ന് വിശ്വസിക്കുന്നു.... #Rohingya #RohingyaMuslims #Myanmar #UnitedNations #Refugees#IndianDiplomacy #SaveRohingnya