Saturday, January 13, 2018

സാം പിട്രാഡോക്ക് ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം...

സാം പിട്രാഡോ - സന്തോഷമാണ്, കുട്ടിക്കാലം മുതൽ ആരാധനയോടെ കണ്ടിരുന്ന ഈ മനുഷ്യനെ നേരിട്ട് കാണാൻ പറ്റുന്നതിൽ! അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ സംഘാടകരിൽ ഒരാളാകാൻ സാധിച്ചതിൽ! ഞാൻ പിച്ചവെച്ചു നടക്കുന്ന കാലത്ത് C-DOT സ്ഥാപിച്ചു ഇന്ത്യയെ മാറ്റിമറിക്കുന്നതിനു തുടക്കം കുറിച്ച അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ പറ്റുന്നതിൽ! അദ്ദേഹം നേതൃത്വം നൽകുന്ന സംഘടനയുടെ ഭാരവാഹി ആയിരിക്കുന്നതിൽ!

ഓർമ്മകൾ ഉള്ളതുകൊണ്ടും, ജീവിതത്തിൽ പലപ്പോഴും തിരിഞ്ഞുനോക്കാൻ പറ്റിയിട്ടുള്ളതുകൊണ്ടും ആവണം ഈ മനുഷ്യൻ എന്നും ഒരു അത്ഭുതമാണ്, ഇദ്ദേഹത്തിന്റെ മാന്ത്രികതയുടെ അത്രയും വലിയ മറ്റൊരു മാന്ത്രികതയും എനിക്കോ എന്റെ സമീപകാലത്തു ജനിച്ചവർക്കോ കാണാൻ പറ്റിയിട്ടുണ്ടാവില്ല!

ഇരുപതോ മുപ്പതോ കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ളവരുമായിപ്പോലും എഴുത്തിലൂടെ മാത്രം സംവദിച്ചിരുന്ന കാലം! രാജ്യത്തെ 97 ശതമാനം ഗ്രാമങ്ങളിലും ടെലഫോൺ ഇല്ലാതിരുന്ന കാലം! അങ്ങനെ ഒരു കാലമുണ്ടായിരുന്നു ഇന്ത്യക്ക്! ഇത്തരം ദയനീയ സ്ഥിതിയിലാണ് (ഓഗസ്റ്റ് 1984ല്‍) അദ്ദേഹം ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങുന്നത്, അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് വെറും ആറോ ഏഴോ വര്‍ഷങ്ങൾ കൊണ്ട് പിട്രാഡോ കാണിച്ച മാന്ത്രികതയാണ് ഇന്ത്യൻ ഗ്രാമങ്ങളിലെല്ലാം ടെലിഫോൺ കണക്ഷൻ എന്നതും, രാജ്യത്ത് എവിടെ നോക്കിയാലും പബ്ലിക്ക് കോള്‍ ബൂത്തുകൾ എന്നതും! ഇന്ന് രാജ്യത്ത് കാണുന്ന സാമ്പത്തികപുരോഗതിക്കെല്ലാം അസ്തിവാരം ഈ വാര്‍ത്താവിനിമയ വിപ്ലവമായിരുന്നു!

1964ല്‍ അമേരിക്കയിൽ എത്തി , ഷിക്കാഗോ നഗരത്തിലെ Illinois Institute of Technology യില്‍ M.S in Electrical Engineering പഠിക്കാന്‍ ആരംഭിച്ച സാം, പഠന ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ Digital Switching ല്‍ റിസര്‍ച്ച് എഞ്ചിനീയറായി ജോലിനോക്കി 1974 വരെയുള്ള ഈ കാലത്തിനിടക്ക് മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. 1974ല്‍ അദ്ദേഹം ആരംഭിച്ച Wescom Switching Inc. എന്ന കമ്പനി 20 കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് സമ്പാദിച്ചു, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയെ Rockwell എന്ന സ്ഥാപനത്തിന് മില്ല്യണ്‍ കണക്കിന് ഡോളറിന് വിറ്റ സാം പിട്രാഡോ അങ്ങനെ തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ അമേരിക്കയിലെ യുവ 'ടെക്കി മില്ല്യണയര്‍' ആയി മാറി!

1981ൽ ഇന്ത്യയിലെ അവധിക്കാലം കഴിഞ്ഞു തിരികെ അമേരിക്കയിലെത്തിയ സാം, തന്റെ മാതൃരാജ്യത്തെ ടെലക്കോം രംഗത്തെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അത് പരിഹരിക്കാനായി തന്റെ ജീവിതം മാറ്റിവക്കുകയുമായിരുന്നു!

1984ല്‍ അദ്ദേഹം ഗവണ്മേന്റിന്റെ കീഴില്‍ C-DOT (Centre for Development Telematics) എന്നൊരു ഗവേഷണ സ്ഥാപനം തുടങ്ങി പിന്നെയുള്ളതെല്ലാം ചരിത്രം!

ബ്ലോഗ് ലിങ്ക്:

ഇന്ത്യൻ ടെലക്കോം ചരിത്രം തിരുത്തിക്കുറിച്ച സാം പിട്രാഡോ എന്ന സത്യനാരായൺ ഗംഗാറാം പിട്രാഡോ യുടെ ഓസ്‌ട്രേലിയയിലെ പൊതുപരിപാടികൾ സിഡ്‌നി, മെൽബൺ നഗരങ്ങളിൽവച്ച് ഈ മാസം 25, 26 തീയതികളിൽ നടക്കും, (2018 ജനുവരി 25, 26).

സിഡ്നി വിലാസം: 25th Jan 2018, 7pm,
Novotel & ibis Sydney Olympic Park
11 Olympic Boulevard, Sydney, Australia 2127

മെൽബൺ വിലാസം: 26th Jan 2018, 1pm
Beau Monde International
934 Doncaster Road, Doncaster East, Victoria, Australia 3109

(പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഐഒസി ഭാരവാഹികളുമായി ബന്ധപ്പെടുക, മനോജ് ഷെയറാൺ: 0431 106 292, രാജശേഖർ റെഡ്‌ഡി: 0469 561 094, റോബട്ട് സെബാസ്ടിയൻ: 0424 607 058, അരുൺ പാലക്കലോടി: 0421 389 500, ക്രാന്തി ദേവ് റെഡ്‌ഡി: 0416 771 456, സുഖ്‌ബീർ സന്ദു: 0433 346 691)

ഇദ്ദേഹത്തെപ്പറ്റി പണ്ട് പറഞ്ഞ ചരിത്രം ഒന്നുകൂടി ആവർത്തിക്കുന്നു...

"പണ്ടു പണ്ട് 384 എന്ന ഞങ്ങളുടെ മൂന്നക്ക ഫോൺ നമ്പരിൽ നിന്നും കോട്ടയത്തേക്കോ തിരുവനന്തപുരത്തേക്കോ ഒരു ഫോൺ വിളിക്കാൻ വേണ്ടി പപ്പാ നടത്തിയിരുന്ന തയാറെടുപ്പുകളും സമയവും കുഞ്ഞായിരുന്നപ്പോളേ എന്റെ മനസ്സിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടായിരുന്നു.. ആദ്യം ലോക്കൽ ടെലഫോൺ എക്സ്ചേഞ്ച് ആയ കുറവിലങ്ങാട്‌ എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറയണം തിരുവനന്തപുരത്തിന് ഒരു ട്രങ്ക് കാൾ ബുക്ക് ചെയ്യണം ഇന്നതാണ് നമ്പർ എന്ന് പിന്നെ കാത്തിരിക്കണം അഞ്ചുമിനിറ്റ് മുതൽ ചിലപ്പോ മണിക്കുറുകൾ വരെ ഈ കാത്തിരുപ്പ് നീളും!! (നമ്മൾ ആരാണ് എന്നത്, നമ്മുടെ പറച്ചിലിന്റെ രീതി, എക്സ്ചേഞ്ചിലെ തിരക്ക്‌ തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ ആയിരുന്നു ഈ സമയത്തെ നിശ്ച്ചയിച്ചിരുന്നത്.) കാത്തിരുപ്പവസാനിപ്പിച്ചുകൊണ്ട് എക്സ്ചേഞ്ചിൽ നിന്നും തിരിച്ചു വരുന്ന കോളിൽ ഓപ്പറേറ്റർ പറയും 'സാറേ കണക്ട് ചെയ്യുവാണ്' എന്ന്!

ഇത്രയും ഓർമ്മകൾ പറഞ്ഞത് ഒരൊറ്റ എക്സ്ചേഞ്ചിനപ്പുറത്തേക്ക് ഫോൺ വിളിക്കാൻ വേണ്ടിവന്നിരുന്ന കഷ്ടപ്പാട് എത്രയായിരുന്നു എന്നും, ഒരു അഞ്ചോ ആറോ ഫോൺ വിളിക്കണമെങ്കിൽ ഒരു ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വാക്കേണ്ടിയിരുന്നു എന്നും ഓർമ്മിപ്പിക്കാൻ വേണ്ടിയാണ്...

ഇത്തരം ഒരു പ്രതികൂല സാഹചര്യത്തിലാണ് അമേരിക്കൻ പൗരനായ ഇന്ത്യക്കാരൻ സാം പിട്രോഡോയെ ഇന്ത്യൻ ടെലക്കോം മേഖല നവീകരിക്കാൻ ഏൽപ്പിക്കുന്നത്, ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ആക്രോശങ്ങളെയും അമേരിക്കൻ ചാരൻ വിളികളെയും ഇന്ത്യ ഒട്ടുക്കുനടന്ന സകല പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് രാജീവ് ഗാന്ധി എന്ന മനുഷ്യൻ ഉറപ്പിച്ചെടുത്ത തീരുമാനത്തിന്റെ ഭലമാണ്, അതുമാത്രമാണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യ!!

ഈ ലക്ഷ്യത്തിന് തടസ്സം നിൽക്കുന്ന, ലക്ഷ്യത്തിന്റെ വേഗത കുറക്കുന്ന ഇന്ത്യൻ ബുറോക്രാറ്റ്, രാഷ്ട്രീയ ഇടപെടലുകളുടെ പതിവ് ശൈലി ഒഴിവാക്കി എത്രയും പെട്ടന്ന് ലക്ഷ്യത്തിലേക്ക് എത്താൻ ടെലികോം കമ്മീഷൻ എന്നൊരു പദവി പുതിയതായി ഉണ്ടാക്കി അതിന്റെ ചെയർമാനാക്കി സാമിനെ നിയമിക്കുകയും പ്രസ്തുത പദവിക്ക് കാബിനറ്റ് മന്ത്രി പദവി നൽകി പുറത്തുനിന്നുള്ള എല്ലാ കൈകടത്തലുകളിൽ നിന്നും സാം പിട്രോഡോയെ സംരക്ഷിച്ചു നിർത്തുകയും ചെയ്ത രാജീവ് ഗാന്ധിയുടെ ദീർഖവീക്ഷണമാണ് പിൽക്കാലത്ത് ലോകത്തെ ഏറ്റവും മികച്ചതും, വലുതും, വലിയ തൊഴിൽ ദാതാവും ആയ ടെലകോം നെറ്റ്‌വർക്ക് ആയി ഇന്ത്യയെ മാറ്റിയത്! ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഉള്ള രാജ്യമായി ഇന്ത്യയെ മാറ്റിയത്! നല്ലൊരു രാഷ്ട്രീയക്കാരനായിരുന്ന രാജീവ് ഗാന്ധി എന്ന മനുഷ്യൻ നാടിന് നൽകിയ ഏറ്റവും വലിയ സംഭാവനയും അത് തന്നെയാണ്....."

(ബ്ലോഗിന്റെ പൂർണരൂപം: രാഹുൽ ഗാന്ധി - ഈ മനുഷ്യൻ ഒരു പ്രതീക്ഷയാണ്.... )

#SamPitroda #FatherOfIndianTelecom


No comments: