Wednesday, October 4, 2017

Mr. Shah, ഞങ്ങൾക്കും ചിലത് പറയാനുണ്ട്!!!


'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും' സ്വയം മാന്യനും സ്വാധ്വികനും ആവുന്നതിനായി എല്ലാ ഫ്രോഡുകളും എന്ത് തെണ്ടിത്തരം കാണിച്ചുകഴിഞ്ഞാലും എടുത്തിടുന്ന നിലയിലേക്ക് അധപതിച്ച ഒരു പ്രയോഗമാണിത്!

ഓരോ കലാപവും സ്രഷ്ടിക്കപ്പെടുന്നതിന് മുൻപ്, ഓരോ നിരപരാധിയുടെയും രക്തം തെറിപ്പിക്കുന്നതിന് മുൻപ്, സ്വന്തം മനഃസാക്ഷിയെയും കൂട്ടാളികളുടെ മനഃസാക്ഷിയെയും തൃപ്തിപ്പെടുത്താനും അറച്ചുനിൽക്കുന്നവന് ആവേശം പകരാനും ഉപയോഗിക്കുന്ന പ്രയോഗം!

ഇവിടെ ലക്‌ഷ്യം ഇന്ത്യാ മഹാരാജ്യത്തെ 'അണ്ടിയേതാ!? മാങ്ങയേതാ!?' എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ജന കോടികളായ വിദ്യാ സമ്പന്നരും എന്നാൽ വിവരമില്ലാത്തതുമായ ഒരു വലിയ വിഭാഗം ജനങ്ങളെ തങ്ങളോടൊപ്പം പിടിച്ചുനിർത്തുക, അവരെ ഓരോരുത്തരെയും തങ്ങളുടെ ബ്രാൻഡ് മാനേജർമാർ ആക്കുക എന്നതു മാത്രമാണ്...

ഒരു കേരളാ വിരുദ്ധ വികാരമുണ്ടാക്കാനും കമ്യൂണിസ്റ്റുകാർ, മുസ്ലിങ്ങൾ തുടങ്ങി തങ്ങൾക്ക് മുതലെടുക്കാൻ പറ്റാത്തവർ എല്ലാം പ്രശ്നക്കാരായ തീവ്രവാദികളാണ്, അവരിൽനിന്നെല്ലാം ഇൻഡ്യാ മഹാരാജ്യത്തെ രക്ഷിക്കാൻ തങ്ങളെ ഒള്ളു എന്ന തോന്നൽ ഉണ്ടാക്കി, വലിയൊരു എണ്ണം വരുന്ന ഉത്തര ഇന്ത്യൻ മണ്ടന്മാരെ തങ്ങളുടെ ചരടിൽ കെട്ടിയ കുരങ്ങിനെപ്പോലെ കളിപ്പിച്ചു ലാഭം ഉണ്ടാക്കുക എന്ന കുരുട്ടു ഗുജറാത്തി കച്ചവട ബുദ്ധി മാത്രമാമാണിത്...

ബിജെപി ഇന്ന് ആരംഭിച്ച ജനരക്ഷാ യാത്രകൊണ്ട് പാർട്ടിക്ക് ഉണ്ടണ്ടാകുന്ന ഗുണം അണികളെ ആവേശത്തിലാക്കി എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാൻ പ്രാപ്തമാക്കി നിർത്താം എന്നത് മാത്രമാണ്... അല്ലാതെ കേരള പൊതു സമൂഹത്തിൽ ഇത് ഒരു ചലനവും സ്രഷ്ടിക്കില്ല!

എഴുത്തും, വായനയും, രാഷ്ട്രീയവും, സ്വന്തമായി വ്യക്തിത്വവുമുള്ള (സ്വന്തമായി കക്കൂസുമുള്ള!!!) മലയാളിയുടെ നിലവാരമെന്തെന്ന് മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്ത ഒരുപറ്റം നേതാക്കൾ അവരെ സംബന്ധിച്ചു ഒന്നുമല്ല!

പക്ഷേ മനസ്സുവെച്ചാൽ ഈ നേതാക്കന്മാർക്ക് കേരളത്തിൽനിന്നും പലതും പഠിക്കാം, അവ സ്വന്തം നാട്ടിൽ പോയി പറയാം, ചെയ്യാം!

ഗർബയിൽ പങ്കെടുത്തതിന്റെപേരിൽ ഇന്നലെ കൊല്ലപ്പെട്ട 21 വയസ്സുകാരനായ ഗുജറാത്തി ദളിതന്റെ കൊലയാളികളോട് നിങ്ങള്ക്ക് പറയാം, പതിറ്റാണ്ടുകൾക്ക് മുൻപേ ജാതിവിവേചനം അവസാനിപ്പിച്ച ഒരു നാട് ഇന്ത്യയിൽ ഉണ്ട് എന്ന്, ഇവിടെ ഗാനമേളകളിൽ എല്ലാവരും ഒരുമിച്ച് ആടുകയും പാടുകയും ചെയാറുണ്ട് എന്ന്...

ലോകത്തിലെ ഏറ്റവും മോശപ്പെട്ട ആശുപത്രികൾ മാത്രം കണ്ടിട്ടുള്ള ഒരു ജനതയോട് നിങ്ങൾക്ക് പറയാം ലോകത്തിലെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള നാടും നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്ന്, അത് ലോകോത്തര നിലവാരത്തിൽ ഉള്ളതാണ് എന്ന്....

പെൺ ഭ്രൂണഹത്യ ഒരു ശീലമായി മാറ്റപ്പെട്ട് നിങ്ങളുടെ സമൂഹത്തോട് പറയാം, കേരളം എന്ന നാട്ടിൽ പെൺകുട്ടികളുടെ എണ്ണമാണ് കൂടുതലെന്ന്, അവൾ പെണ്ണായതുകൊണ്ട് മാറ്റിനിർത്തപ്പെടുന്നില്ല എന്ന്...

ഉത്സവങ്ങളും, ആഘോഷങ്ങളും പ്രശ്ന / കലാപ സാധ്യതയുള്ളതായി മാത്രം മനസ്സിലാക്കിയിട്ടുള്ള ഒരു ജനതയോട് പറയാം അവയൊക്കെത്തന്നെ സമുദായങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാനുള്ള ഉപാധിയായി കൊണ്ടുനടക്കുന്ന ഒരു ജനതയും ഇന്ത്യാ മഹാരാജ്യത്തുണ്ടെന്ന്...

മത തീവ്രവാദികൾ ഐഡന്റിറ്റി കാർഡ് നോക്കി ആഘോഷങ്ങളുടെ മതവും ജാതിയും തിരിക്കുന്നത് കണ്ടിട്ടുള്ള ഒരു ജനതയോട് പറയാം, ഇവിടെ എല്ലാ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും മറ്റു മതങ്ങളിൽ പെട്ടവരുടെ പങ്കാളിത്തം എന്നത് ചരിത്രപരമായ ആചാരങ്ങളുടെ തന്നെ ഭാഗമായിക്കഴിഞ്ഞതാണ് എന്ന്...

യൂണിഫോമിട്ട ഗുണ്ടകളുടെ പേരാണ് പോലീസ് എന്നുകരുതിയിരിക്കുന്ന വലിയൊരു സമൂഹത്തോടുപറയാം... ബലാൽസംഗം ചെയ്യപ്പെടും എന്ന ഭയമില്ലാതെ ഏത് പാതിരാത്രിക്കും ഒരു പെൺകുട്ടിക്ക് അഭയം ചോദിച്ചു ചെല്ലാൻ പറ്റുന്ന പോലീസ് സ്റ്റേഷനുകളും ഇൻഡ്യാ മഹാരാജ്യത്തുണ്ട് എന്ന്...!

അരമണിക്കൂറോളം രക്തമൊലിപ്പിച്ചു കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിലിരുന്ന 14 വയസ്സുമാത്രമുള്ള ക്വാദിർ എന്ന കുട്ടിയുടെ ചിത്രം മനസ്സിൽ പതിഞ്ഞുകിടക്കുന്ന ജനതയോട് പറയാം ബസ് നിർത്താതെ പോയതിന് കരഞ്ഞുകൊണ്ട് പരാതിപറയാൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന സ്കൂൾ കുട്ടിയെ സ്നേഹത്തോടെ ചേർത്തുനിർത്തി തലയിലെ മഴവെള്ളം തോർത്തിക്കൊടുത്ത പോലീസും ഇന്ത്യയിൽ ഉണ്ടെന്ന്..! സ്കൂൾ പ്രവേശനോത്സവത്തിനു സല്യൂട്ടടിച്ചു മധുരം നൽകി കുരുന്നുകളെ സ്വീകരിച്ച പോലീസിനെപ്പറ്റി...

മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതാണ് ശരിയെന്ന് കരുതിയിരിക്കുന്ന ജനതയോട് പറയാം.... പോത്തിനെ തിന്നുന്നവനും, പന്നിയെ തിന്നുന്നവനും, വെജിറ്റേറിയനും, കള്ളുകുടിക്കുന്നവനും എല്ലാമുള്ള നാടാണിതെന്ന്! ഇവയെല്ലാം എല്ലായിടത്തും സുലഭമായ നാടാണിതെന്ന്, അവർക്ക് ഭക്ഷണ ശീലങ്ങളൊന്നും സൗഹൃദത്തിന്റെ മാനദണ്ഡമല്ലന്നും, മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഘടകമേ അല്ലന്നും....

ലക്‌ഷ്യം നേടുന്നതിനുള്ള എളുപ്പവഴിയായി വർഗീയ കലാപങ്ങൾ ഉണ്ടാക്കപ്പെടുന്ന നാട്ടിൽ, കലാപങ്ങൾ എപ്പോൾ വേണമെങ്കിലും വരാവുന്നതാണ് എന്നനിലയിൽ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ജനതയോട് പറയാം, കേരളമെന്ന നാട്ടിൽ ആർക്കും അങ്ങനൊരു ഭയമില്ലെന്ന്, രാജ്യം മുഴുവൻ ഭയം നിറഞ്ഞ ബാബറി മസ്ജിദ് കലാപകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുസ്ലിം ജന സാന്ദ്രതയുള്ള മലപ്പുറത്തെ ഹിന്ദു വീടുകൾക്കും അമ്പലങ്ങൾക്കും കാവലിരുന്നത് മുസ്ലിം ചെറുപ്പക്കാരനായിരുന്നു എന്നത്! അവർ അറിയട്ടെ ഇങ്ങനെയും ഇന്ത്യ ഉണ്ടെന്ന്...

പ്രാഥമിക വിദ്യാഭ്യാസം എന്നത് ഇന്നും അപ്രാപ്യമായ നിങ്ങളുടെ ജനതയോട് പറയണം ആ ലക്ഷ്യമൊക്കെ പതിറ്റാണ്ടുകൾക്ക് മുൻപേ നേടിയ നാടാണിതെന്ന്.. പിന്നെപ്പറയണം അവിടുത്തെ ആർ എസ്‌ എസ് കുട്ടികൾ പോലും വിജയദശമിക്ക് പുസ്തകങ്ങളും പേനയുമാണ് പൂജിക്കുന്നതെന്ന്, അല്ലാതെ വാളും തോക്കുമല്ല എന്ന്!

പിന്നെപ്പറയണം നിങ്ങളുടെ യാത്രയെപ്പറ്റി, നിങ്ങൾക്ക് ലഭിച്ച സ്വീകരണങ്ങളെപ്പറ്റി, സിപിഎം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി, ബലിദാനികളുടെ കുടുംബങ്ങളെപ്പറ്റി! അവരെപ്പറ്റി മാത്രമേ പറയാവൂ! എങ്കിലേ നിങ്ങൾക്ക് അവരുടെ ബലികളെ വിൽക്കാൻ പറ്റൂ...!!

നിങ്ങൾ ഒരിക്കലും പറയരുതാത്തത് നിങ്ങൾ കൊന്നവരുടെ എണ്ണം മാത്രമാണ്! ഉത്തര ഇന്ത്യയിൽ നിങ്ങൾ 'പാവപ്പെട്ട ഇര' എന്ന പ്രതിച്ഛായ കാത്തു സൂക്ഷിച്ചു തന്നെയിരിക്കണം, കൊല്ലപ്പെട്ട കോൺഗ്രസ്സുകാരനും, ലീഗുകാരനും, ആർ എം പി ക്കാരനും എസ് ഡി പി ഐ കാരനും, മുക്രിയും, സ്കൂൾ കുട്ടിയുമൊന്നും കണക്കിൽ പോലും വരരുത്!!

പിന്നെ കേന്ദ്ര ബിജെപി ക്കാരെ ഇത് കേരളമാണ്, അയോദ്ധ്യാ ലക്ഷ്യത്തോടെ പണ്ടു നിങ്ങൾ നടത്തിയ യാത്രയുടെ ഗുണം പോലെ എന്തെങ്കിലും ഈ യാത്രകൊണ്ട് നിങ്ങൾക്ക് കിട്ടുമെന്ന് വെറുതെ മോഹിക്കരുത്! ശത്രുവിന്റെ വീടിനുമുന്പിൽ മലം വിതറി മാറിയിരുന്നു രസിക്കുന്നവന് കിട്ടുന്ന സന്തോഷമുണ്ടല്ലോ ആ ഒരു കുളിരിഫിക്കേഷന് അപ്പുറം നിങ്ങൾക്ക് ഒന്നും ഇവിടെനിന്ന് നേടാൻ പറ്റില്ല... വെറും ഒരു മഴ മാത്രം മതി ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഒലിച്ചുപോകാൻ!

(NB: ഇത് ഒരു സമൂഹത്തെപ്പറ്റിയുള്ള അഭിപ്രായമാണ് ഒരിക്കലും അത് നൂറു ശതമാനത്തെയും പ്രതിനിധീകരിക്കുന്നില്ല, എല്ലാത്തതിലും നല്ലതും ചീത്തയും ഉണ്ടാവാം, അതുപോലെ ഞങ്ങളിലുമുണ്ട് ഞങ്ങളുടെ നാട്ടിലുമുണ്ട് നല്ലതും ചീത്തയും. പക്ഷെ Mr. Shah ഒന്നുറപ്പിച്ചുപറയാം ഞങ്ങൾ ഇവിടെ നല്ലതിന്റെ ശതമാനമാണ് കൂടുതൽ! മാറ്റിനിർത്തപ്പെടേണ്ടതും മോശവുമൊക്കെ വെറും ചെറിയൊരു ശതമാനം മാത്രമേ ഒള്ളു അതാണ് കേരളം, അങ്ങനാണ് മലയാളി!)  Please share and Like Us


No comments: