ഇപ്രാവശ്യത്തെ ഓസ്‌ട്രേലിയൻ സെൻസസ് അവസാനിച്ചു,
തികഞ്ഞ വർഗീയ, വംശീയ, പ്രാദേശിക വാദിയും സങ്കുചിത മനസ്‌ക്കനും ആയതുകൊണ്ട് ഞാൻ എന്റെയും ഭാര്യയുടെയും ഇതൊന്നുമറിയാത്ത രണ്ടു കുഞ്ഞുങ്ങളുടെയും മതക്കോളത്തിൽ 'സീറോ മലബാർ കാത്തലിക്ക്' എന്നും, ഭാഷ ഗോത്രം സമൂഹം ഒക്കെ വരേണ്ടിത്ത് 'മലയാളം', 'ദ്രവീഡിയൻ', 'മലയാളി' എന്നും വെടിപ്പായി എഴുതി!
കുട്ടികൾ വളർന്നുവരുമ്പോൾ നമ്മൾ തവിട്ടു നിറക്കാർ ആണെന്നും 'പണ്ടുണ്ടായിരുന്ന' ഇന്ത്യ എന്ന മനോഹരമായ ജനാധിപത്യ മതേതര രാജ്യത്തുനിന്ന് വന്നവരാണ് നമ്മളെന്നും ജനിതകപരമായി നമ്മൾ ദ്രാവിഡരോ അല്ലെങ്കിൽ ഏതെങ്കിലും കുടിയേറ്റ സമൂഹത്തിന്റെയും ദ്രാവിഡരുടെയും കലർപ്പുള്ളവരോ ആണെന്നും പറഞ്ഞുകൊടുക്കും.
തെക്കേയിന്ത്യയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന മലയാളം, തമിൾ തെലുങ്കു മുതലായവ മാത്രമല്ല നമ്മുടെ ഭാഷാ ഗോത്രം എന്നും അതിൽ എൺപത്തഞ്ചോളം ഭാഷകളുണ്ട് എന്നും അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് നമ്മുടെ ഗോത്രം എന്നും അതുകൊണ്ടുതന്നെ ജനിതകമായി നമ്മുടെ സഹോദരങ്ങൾ പലപ്പോഴും അതിർത്തിപ്രകാരം നമ്മുടെ ശത്രുക്കൾ ആവാമെന്നും എന്നാൽ അതിർത്തികൾ എല്ലാക്കാലത്തും മാറിമറിയുന്നതാണെന്നും പറഞ്ഞുകൊടുക്കും.
മതം ജനിക്കുന്നതിനും ആയിരക്കണക്കിന് വർഷം മുൻപേ ഇവിടെ മനുഷ്യരുണ്ടായിരുന്നു എന്നും മരിച്ചുപോയ പല മതങ്ങളും ഇവിടുണ്ടെന്നും പറഞ്ഞുകൊടുക്കും. നിങ്ങളുടെ അപ്പന്റേതു സീറോ മലബാർ പാരമ്പര്യമായതുപോലെതന്നെ അമ്മ ഇന്ത്യൻ ഓർത്തഡോക്സ് - ക്നാനായ യാക്കോബായ പാരമ്പര്യത്തിന്റെ മിശ്രണമാണ് എന്നും, നൂറ്റാണ്ടുകളായി ഇങ്ങനുള്ള കൂടിച്ചേരലുകളിലൂടെയാണ് മനുഷ്യൻ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് ഇതൊന്നും വല്യ കാര്യമല്ല എന്നും പറഞ്ഞുകൊടുക്കും.
എന്നെക്കൊണ്ട് പറ്റുന്നതുപോലെ - ‘തൊലിയുടെ നിറവും കൈയിലെ പണവും വച്ചല്ല മനുഷ്യനെ അളക്കേണ്ടത്’ എന്ന് മനസ്സിലാക്കിക്കൊടുക്കും.
എല്ലാത്തിനും ഉപരി വാക്കുകൾക്കൊണ്ടോ പ്രവർത്തികൾക്കൊണ്ടോ നിങ്ങളെ ഒരു മതത്തിന്റെ അടിമയാക്കാൻ ഇതുവരെ ശ്രമിക്കാത്ത നിങ്ങളുടെ അപ്പൻ എവിടേയെക്കയോ ഒരു വർഗീയ വംശീയ വാദിയായ സങ്കുചിത മനസ്സുകാരനാണെന്നും പറഞ്ഞുമനസ്സിലാക്കി കൊടുക്കും.
എന്ന് ഞാൻ,
ഒപ്പ് 

No comments:
Post a Comment