Sunday, October 1, 2017

മതം! മതത്തിന്റെ സംസ്ക്കാരം!


മതം! മതത്തിന്റെ സംസ്ക്കാരം - ഓരോ മതവും ഓരോ നാട്ടിലും ഓരോ സംസ്‌കാരത്തിലും വ്യത്യസ്തമാണ്, അത് എപ്പോഴും ആ നാടിന്റെ സംസ്ക്കാരവും ജീവിതരീതികളും, ആചാരങ്ങളും ഉൾക്കൊണ്ടാണിരിക്കുന്നതുന്നത്, മതത്തെ മാന്യമായി നിർത്തുന്ന പ്രധാന സംഗതിയും ഇതാണ്, ഇതാണ് ശരിയും. ഇത്തരം സാംസ്ക്കാരികമായ കൊടുക്കൽ വാങ്ങലുകളാണ് കേരളത്തെ ഒരു വർഗീയ ചേരിതിരിവ് നിറഞ്ഞുനിക്കുന്ന പ്രദേശമാവാതെ സുന്ദരമായ ഒരു സ്ഥലമായി മാറ്റിനിർത്തുന്നതും, ഓരോ ഗ്രാമങ്ങളിലും ഈ സൗന്ദര്യം നമുക്ക് കാണാനും സാധിക്കും.

പക്ഷെ നിർഭാഗ്യമെന്നുപറയട്ടെ ഈയടുത്തായി 'ചിന്താ ശേഷികുറഞ്ഞതും', 'അതി തീവ്ര വർഗീയത ഉള്ളിൽ ഒളിപ്പിച്ചതും', 'കച്ചവടക്കണ്ണ് മാത്രമുള്ളതുമായ' 'പല തരം' ആൾക്കാരുടെ എണ്ണം (എല്ലാ മതങ്ങളിലും) വളരെക്കൂടുകയും , അവർ മതത്തിന്റെ സാംസ്ക്കാരിക പൈതൃകങ്ങളെ / സാംസ്ക്കാരിക മുഖങ്ങളെ തകർത്ത് തങ്ങളുടെ അജണ്ട നടപ്പിൽവരുത്താനായി കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. 

പൊളിക്കുക, നിലവിളക്ക് കാണുമ്പോൾ വട്ടുപിടിക്കുക (ക്രിസ്തുമതത്തിലും ഈ പ്രശ്നമുള്ളവരുണ്ട്), സർവ സമൂഹവും ഒന്നുചേരുന്ന പെരുന്നാളുകളെ സൂത്രത്തിൽ ഇല്ലാതാക്കി ആ സ്ഥാനത്ത് കരിസ്മാറ്റിക് കൺവെൻഷനുകളും ധ്യാനങ്ങളും പിന്നൊരു നൂറുകൂട്ടം സംഗമങ്ങളും തിരുകിക്കയറ്റുക, നേർച്ചകൾക്കെതിരെ ചാടിവീഴുക, ഏത് മലകണ്ടാലും കോൺക്രീറ്റ് കുരിശു സ്ഥാപിച്ചു കുരിശിന്റെ വഴി നടത്തുക, തെയ്യങ്ങളെ കാവിയുടുപ്പിക്കാൻ നടക്കുക, സ്വന്തം നാടിന്റെ ആചാരമോ വിശ്വാസമോ ഒന്നുമല്ലാത്ത ഗണേശ നിമഞ്ജനം പോലുള്ള ചടങ്ങുകളെ സൂത്രത്തിൽ ഇറക്കുമതി ചെയ്യുക, തുടങ്ങി പ്രത്യക്ഷത്തിൽ നിരുപദ്രവക്കാരം എന്ന് കരുതി നമ്മൾ അവഗണിക്കുന്ന സകല സൂത്രപ്പണികളുമായി എല്ലാ മതങ്ങളിലുമുള്ള 'സാമാന്യബോധം ഇല്ലാത്ത തീവ്രവാദികൾ' നമുക്കിടയിൽ തന്നെയുണ്ട്!

അതുകൊണ്ടുതന്നെ ഇക്കൂട്ടരുടെ പ്രവർത്തികളെ നാം എല്ലാവരും കരുതിയിരിക്കണം, നിസ്സാരം എന്ന് കരുതി അവഗണിച്ചാൽ നാളെ നമ്മുടെ തലമുറക്ക് അവകാശപ്പെട്ട ഒരു നല്ല ലോകം ഇവർ നശിപ്പിച്ചു കൈയിൽത്തരും!

പിന്നെ മതം മാറ്റം! അതിനെക്കുറിച്ചുള്ള അഭിപ്രായം, അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് തന്നെയാണ് പിന്നെ മതം മാറിയിട്ടുള്ള, തീവ്ര ചിന്തക്കാരായ (മുസ്‌ലിം, പെന്തക്കോസ്ത്, കരിസ്മാറ്റിക്ക് ഭ്രാന്തന്മാർ etc. ) പല വിഭാഗത്തിൽ പെട്ടവരെ ഞാൻ കണ്ടിട്ടുണ്ട് അവരിൽ ബഹുഭൂരിപക്ഷവും വരുന്ന ഒന്നാമത്തെ കൂട്ടർ ശുദ്ധഹൃദയരായ സാധുക്കൾ ആയിരുന്നു, മിക്കവാരും ഇന്നുവരെ പാഠ പുസ്‌തകമല്ലാതെ ഒന്നും വായിക്കാൻ ഇഷ്ടപ്പെടാതിരുന്നവർ ആയിരുന്നു! പത്രങ്ങൾ മാസികകൾ നോവലുകൾ ആനുകാലികങ്ങൾ രാഷ്ട്രീയം എന്നിവ ഒന്നും വായിക്കുകയോ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ആയിരുന്നു, രണ്ടാമത്തെകൂട്ടർ പ്രശ്നങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിൽ നിന്നും അറിയാതെ അകത്ത് കയറിപ്പോയതാണ് അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കി അവരെ സൂത്രത്തിൽ അകത്ത് കയറ്റിയതാണ് (എലിപ്പെട്ടിയിൽ ഏലിയെ കയറ്റുന്നതുപോലെ ആരോ സൂത്രത്തിൽ കയറ്റിയവർ!), മൂന്നാമത്തെ കൂട്ടരാവട്ടെ നല്ല കിണഞ്ഞ സൂത്രക്കാരൻ ഫ്രോഡ് പരിധിയിൽ പെടുന്നവർ ആയിരുന്നു, എന്നാ കോപ്പാണെങ്കിലും വേണ്ടില്ല എനിക്ക് വേണ്ടത് ഞാനുണ്ടാക്കും എന്ന ഉത്തമ ബോധ്യമുള്ള ഫ്രോഡുകൾ..


No comments: