എന്റെ തറവാടും പൊളിക്കാൻ പോകുന്നു! നാട്ടിലേ ഏറ്റവും പഴക്കമുള്ള വീടുകളിൽ ഒന്നാണിത്, അതുകൊണ്ട് തന്നെ തറവാടിന്റെ കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടാകുമെന്ന് മനസ്സിൽ തോന്നിയിരുന്നു. പല കാരണങ്ങളാൽ പലപ്രാവശ്യം പോളിക്കലുകൾ മാറിപോയി പക്ഷേ എപ്പോഴേലും പിടി വീണല്ലേ ഒക്കൂ.
അടുത്ത അവധിക്ക് വരുന്നതിന് മുൻപ് പൊളിക്കും എന്ന ഒരു സംശയം മനസ്സിൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ - 'നിലവറ കാണാൻ ഇതുവരെ പറ്റിയിട്ടില്ല' എന്ന എന്റെ ഭാര്യയുടെ പരാതി മാറ്റാനും എന്റെ കുട്ടിക്കാലവും പ്രവാസി ആകുന്നത് വരയുള്ള സമയവും കയറിയിറങ്ങി നടന്ന തറവാട് വീട് ഒന്നുകൂടി തുറന്ന് കാണാനും തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ വീണ്ടും അറയും, തട്ടിൻ പുറവും, പത്തായവും, നിലവറയും എല്ലാം ഒന്നുകൂടിക്കണ്ടു നിലവറക്കുള്ളിൽ മാത്രം പഴയപോലെ സ്മൂത്ത് ആയി ഇറങ്ങാൻ പറ്റിയില്ല എന്നതൊഴിച്ചാൽ എല്ലാം ശുഭം.
അന്ന് ഫോണിൽ കുറേ ഫോട്ടോയും വീഡിയോയും എടുത്തിരുന്നു പക്ഷേ അതിൽ പ്രധാനപ്പെട്ട ഫോണ്‍ പോയി! പിന്നെ കുറച്ചു ഫോട്ടോകൾ മറ്റൊരു ഫോണിൽ ഉണ്ടായിരുന്നു അതെല്ലാം തപ്പിയെടുത്ത് fbആൽബത്തിലും ഇവിടയും ഇടുവാ, അല്ലങ്കിൽ അറിയാതെ ഞാനും ആ വീടിനെ മറന്നാലോ?
ഇനി നാട്ടില്‍ പോയാല്‍ ഈ തറവാട് ഉണ്ട്ടകില്ല എന്ന് ഇപ്പോൾ ഉറപ്പായി ;-(
പത്തു നൂറുകൊല്ലം മുൻപ് ജീവിച്ചിരുന്ന പ്രമാണിയും കരം പിരിക്കാൻ അധികാരപ്പെട്ട ആളുമായ ഇഞ്ചക്കൽ ചുമ്മാർ എന്ന കാരണവർ ഏകദേശം 150 വർഷം മുൻപ് പണിത 5 വീടുകളിൽ ഒന്നാണിത്. 5 വീടുകളിലും വച്ച് ചെറിയ വീട് ഇതായിരുന്നു. മറ്റൊരു വീടായ കുളംകൊമ്പിൽ തറവാട് തീപിടിച്ച് കത്തി പോയ കഥ വല്യമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, അസാമാന്യ വലിപ്പവും വലിയ കൊത്തുപണികൾ ഉള്ള നിരയും വലിയ തൂണുകളും ഒക്കെയുണ്ടായിരുന്നു കുളംകൊമ്പിൽ വീടിന് എന്ന് കേട്ടിട്ടുണ്ട്. നിറം പിടിപ്പിച്ച ഒത്തിരി കഥകളുള്ള മറ്റൊരു തറവാട് എന്തക്കയോ കാരണങ്ങളാൽ പല പ്രാവശ്യം പൊളിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ അവശേഷിക്കുന്നുണ്ടായിരുന്നു. അതിന്റെ അവസ്ഥ ഇപ്പോൾ എന്താണന്ന് ഒരു വിവരവുമില്ല!
കച്ചവടക്കാരൻ ആയിരുന്ന വല്യപ്പന്റെ അപ്പൻ സമീപത്ത് മലഞ്ചരക്ക് വ്യാപാരമുണ്ടായിരുന്നു. അവിടെ നിന്നും ഉച്ചമയക്കത്തിന് എത്തിക്കൊണ്ടിരുന്ന വീടായിരുന്നു ഇത്, എപ്പൊഴോ പൊളിച്ചു വിറ്റ ആ കടയാണ് അടുത്തുതന്നെയുള്ള മറ്റൊരു കുടുംബത്തിന്റെ തറവാട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്, ആ വീട് അവർ നല്ല രീതിയിൽ നിലനിർത്തിയിട്ടുമുണ്ട്.
തൊട്ടടുത്തുള്ള നസ്രത്ത് ഹിൽ എന്ന സ്ഥലത്താണ് വല്യ കാരണവന്മാരുടെ തറവാടിരുന്നത് അന്നത്തെ തറവാട് വീടിനൊപ്പമുണ്ടായിരുന്ന കളം പലക്കലോടിക്കുളം എന്ന പേരിൽ തന്നെ അവശേഷിക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. ഇനി നാട്ടിൽ പോകുമ്പോൾ അത് പോയിക്കാണണം അതിപ്പോൾ പഞ്ചായത്ത് കുളം ആയത് കൊണ്ട് ആരും നികത്തില്ല എന്ന് വിശ്വസിക്കുന്നു ;-).
വല്യമ്മയുടെ അടുത്ത് ഒത്തിരി സമയം ചിലവഴിച്ചിരുന്നത് കൊണ്ട് ഇങ്ങനെ കുറേ ചരിത്രം കിട്ടി... അതുകൊണ്ട് അതിൽ കുറച്ചെങ്കിലും എഴുതാൻ പറ്റി......
തറവാട് വീട്.
പണ്ട് തൊട്ട് പഴമയുടെ സൌന്ദര്യവും പുരാവസ്തുക്കളും ഒക്കെ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാവാം പഴയ വീടുകളും കെട്ടിടങ്ങളും ഒക്കെ പോളിച്ചുകളയുന്നത് കാണുമ്പോൾ ഒരു വിഷമമാണ്, സ്വന്തം തറവാട് ആകുമ്പോ ആ വിഷമം ഇത്തിരി കൂടുതലുമാണ്. ഞാൻ ജനിക്കുന്നതിനും വളരെ മുൻപ് എന്റെ പപ്പയുടെ ചെറുപ്പകാലത്തോ മറ്റോ പൊളിച്ചുകളഞ്ഞ പടിപ്പുരയെ ഓർത്ത് കുട്ടിയായിരുന്ന കാലത്ത് ഞാൻ വിഷമിച്ചിട്ടുണ്ട് ! പക്ഷേ ഇപ്പോൾ ഒന്നറിയാം അത്തരം ഇഷ്ടങ്ങളും വിഷമങ്ങളും ഉള്ളവർ വളരെ വിരളമാണ്. ബഹു ഭൂരിപക്ഷത്തിനും പുരാവസ്തുക്കളുടെ മൂല്യവും സൌന്തര്യവും മനസ്സിലാക്കാൻ പറ്റുന്നില്ല! അവർക്കത് പഴയ തടിയും, കല്ലും, ഉരുപ്പടികളും മാത്രമാണ്! ഒന്നിനും കൊള്ളാത്ത പഴയ സാധനങ്ങൾ!
പഴമയോട് ഉള്ള ഈ ഇഷ്ടം കൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആചാരം/വിശ്വാസം ദേവപ്രശ്നമാണ്. അമ്പലങ്ങളിൽ നടത്താനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ ദേവനു ഹിതമായവയാണോ എന്നറിയുന്നതിനായി ദേവപ്രശ്നം നടത്തി അതിനനുസരിച്ച് മാത്രം പരിഷ്കാരങ്ങൾത്തുന്നു. ഈ ആചാരം കൊണ്ട് മാത്രമാണ് കേരളത്തിലെ പഴയ അമ്പലങ്ങൾ ഇന്നും തനിമ നഷ്ടപ്പെടാതെയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു, ഇങ്ങനൊരു നടപടി ഇല്ലായിരുന്നു എങ്കിൽ പഴയ നസ്രാണി പള്ളികളുടെ ദുർഗതി വന്നേനെ അവക്കും.
തറവാട് - മുൻവശത്തെ വഴിയിൽനിന്നും എടുത്ത ഫോട്ടോ
അറ
അറവാതിൽ -
അറ
അറവാതിൽ
ചതുരക്കിണർ - ചതുരക്കിണറുകൾ ഒരു അപൂവ്വ കാഴ്ച്ചയാണ് !!! കേരളത്തിൽ അധികം ചതുരക്കിണറുകൾ ഇനി അവശേഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഉള്ളത് തന്നെ നിലനിൽപ്പിന്റെ ഭീഷണിയിലുമാണ്.
നിലവറ
നിലവറക്കകം -
പത്തായം - കുട്ടിക്കാലത്ത് പലപ്രാവശ്യം ഇതിലിറങ്ങിയിട്ടുണ്ട്, മൂന്ന് കള്ളികളുണ്ടായിരുന്ന ഇതിൽ പണ്ട് സ്ഥിരമായി ഒരു പഴക്കുലയെങ്കിലും ഉണ്ടായിരുന്നു....
പഴയ ഷെഡ്