Monday, January 10, 2011

മറ്റൊരു ആസിഡ് ആക്രമണം കൂടി !

കഴിഞ്ഞ ദിവസത്തേ പത്രത്തിന്റേ ഏതോ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാത്ത, ആര്‍ക്കും അറിയാന്‍ താല്പര്യം ഇല്ലാത്തത് എന്ന് തോന്നിക്കുന്ന ഒരു വാര്‍ത്ത കണ്ടു, അതിങ്ങനേ തുടങ്ങുന്നു,"അമ്മയ്ക്കും മകള്‍ക്കും നേരേ ആസിഡ് ആക്രമണം
പത്തനംതിട്ട : വിവാഹം നിശ്ചയിച്ച യുവതിയേയും അമ്മയേയും ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ആസിഡ് ഒഴിച്ചു പൊള്ളല്‍ ഏല്‍പിച്ചു മുഖത്തും കഴുത്തിലും സാരമായി പൊള്ളലേറ്റ അഞ്ജലി കൃഷ്ണ (22), കൈക്ക് പൊള്ളലേറ്റ അമ്മ ശ്രീകുമാരി (47), എന്നിവരേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ഞായറാഴ്ച അഞ്ജലിയുടേ വിവാഹം നടത്താനിരിക്കുക ആയിരുന്നു."വിവാഹത്തിന് ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞിരുന്ന ഒരു 22-കാരിയുടേ ജീവിതം ഉരുകി ഒലിച്ച വാര്‍ത്തയാണിത്.

നമ്മുടേ മുഖ്യധാരാ മാധ്യമങ്ങള്‍ ഒക്കേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവനും പട്ടിയുടേ വില പോലും കൊടുക്കാത്തതിനാല്‍ കുറച്ചു പേര്‍ അറിഞ്ഞും ഒത്തിരി പേര്‍ അറിയാതയും ആ വാര്‍ത്ത അങ്ങനങ്ങ് അവസാനിക്കും!


സഹതപിക്കുകയും ദു:ഖിക്കുകയും ഒക്കേ ചെയ്ത എല്ലാവരും ദിവസങ്ങള്‍ക്കുള്ളില്‍ അവളേ മറക്കും.

പക്ഷേ ആ 22-കാരിയുടേ ഭാവി ദിനങ്ങളോ?

ഒരു പെണ്‍കുട്ടിയുടേ ജീവിതത്തിലേറ്റവും സുന്ദരമായ മുഹൂര്‍ത്തത്തിലേക്ക് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ക്കകം പ്രവേശിക്കേണ്ടിയിരുന്ന അവളുടേ ഇനിയുള്ള രൂപവും ജീവിതവും നിശ്ചയിക്കുന്നത് ആ മുഖത്ത് ആസിഡ് ഏല്പിച്ച പ്രഹരത്തിന്റേ വ്യാപ്തിയാണ്.


ചിലപ്പോള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അടയാളങ്ങള്‍ മാത്രമായിരിക്കാം അത് ശ്രഷ്ടിക്കുന്നത്, അല്ല എങ്കില്‍ കണ്ടാല്‍ പേടിയോ അറപ്പോ ഒക്കേ തോന്നുന്ന ഒരു രൂപം ആയിരിക്കാം ആശുപത്രിയില്‍ നിന്നും തിരികേ വരുന്നത്.

രണ്ടായാലും അത് അവളുടേ മാത്രം പ്രശ്നം ആണ്, അതുകൊണ്ട് തന്നേ നമ്മുടേ രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങള്‍ക്കോ, മാധ്യമങ്ങള്‍ക്കോ, സാഹിത്യ, ബുദ്ധിജീവി വിഭാഗങ്ങള്‍ക്കോ ഒന്നും ഇതൊരു പ്രശ്നം അല്ല.


ലോകത്ത് നടക്കുന്ന ആസിഡ് ആക്രമണങ്ങളുടേ 80-ശതമാനവും സ്ത്രീകള്‍ക്കു നേരേയാണ് അതില്‍തന്നേ 40-ശതമാനവും 18-വയസില്‍ താഴേയുള്ള പെണ്‍കുട്ടികള്‍ ആണ്.

ഇന്ത്യയാവട്ടേ ഇത്തരം ആസിഡ് ആക്രമണങ്ങളാല്‍ കുപ്രസിദ്ധം ആയ രാജ്യങ്ങളില്‍ ഒന്നാണ്, അതിനു ഇവിടേ ലഭിക്കുന്ന 'പരമാവധി ശിക്ഷ'യോ വെറും 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും, ആര്‍ക്കും ആ ശിക്ഷ തികച്ചു ലഭിക്കുന്നുമില്ല!

ചുരുക്കി പറഞ്ഞാല്‍ അഞ്ചോ ആറോ വര്‍ഷം ജയിലില്‍ കിടക്കാനുള്ള മനസ്സും രണ്ടോ മുന്നോ ലക്ഷം രൂപയും കൈയില്‍ ഉണ്ട് എങ്കില്‍ പിശാചിന്റേ മനസുള്ള ഏതൊരുവനും ഒരു ജീവിതം നശിപ്പിക്കാം.


ആസിഡിന്റേ വ്യാപകവും, അനിയന്ദ്രിതവും ആയ ലഭ്യത തടയുകയും ഇത്തരം കുറ്റങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തില്ല എങ്കില്‍ നാളേ ആസിഡ് ആക്രമണം എന്നത് സര്‍വസാധാരണം ആയ ഒരു വാര്‍ത്ത മാത്രം ആയി മാറും.


ആ വാര്‍ത്തയിലേ 'ഇര' ചിലപ്പോള്‍ നമ്മളോ നമ്മുടേ മാതാപിതാക്കന്മാരോ, സഹോദരങ്ങളോ, മക്കളോ ആയിരിക്കാം!

അന്ന് ചിലപ്പോള്‍ ഇതൊരു ഒറ്റക്കോളം വാര്‍ത്ത പോലും ആയില്ല എന്നും വരാം......ആസിഡ് ആക്രമണ ആരോപണ വിധേയരേ അറസ്റ്റ് ചെയ്ത വാര്‍ത്ത.
(ദീപിക 15 January 2011)